കൊച്ചി: വിഭാഗീയതയുടെ പെരുമഴക്കാലത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരുടെ അഭാവം പ്രകടമായപ്പോള്‍ നിലനില്‍പ്പിനായി സിപിഎം ശ്രീനാരായണഗുരുദേവനില്‍ അഭയം തേടുന്നു. മാര്‍ക്സിനെയും വിപ്ലവ ആചാര്യന്മാരെയുമെല്ലാം ഒഴിവാക്കി സമ്മേളനത്തിനും പാര്‍ട്ടി കോണ്‍ഗ്രസിനായും ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡില്‍ ശ്രീനാരായണഗുരുദേവന്‍ മാത്രം.
പറവൂര്‍ മൂത്തകുന്നത്താണ് ശ്രീനാരായണ ഗുരുദേവന്റെ ചിത്രവുമായി ഫ്ലക്സ് ഉയര്‍ത്തിയിരിക്കുന്നത്. മൂത്തകുന്നം ലോക്കല്‍ സമ്മേളനം മുതല്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള പരിപാടികള്‍ എഴുതിവെച്ചിരിക്കുന്ന ഫ്ലക്സിലാണ് ഗുരുദേവനെയും വരച്ചുവെച്ചിരിക്കുന്നത്. ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചിട്ടുള്ള മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന് മുന്നില്‍ ദേശീയപാത 17 വണ്‍വേ റോഡില്‍ ക്ഷേത്രബോര്‍ഡിന് തൊട്ടരികില്‍ പാര്‍ട്ടി ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നു.
ദേശീയപാത 17 ല്‍ അണ്ടിപ്പിള്ളികാവില് ഡിവൈഎഫ്ഐയില്‍ അംഗമാകുവാന്‍ ആഹ്വാനം ചെയ്തിട്ടുള്ള ബോര്‍ഡില്‍ ശ്രീനാരായണഗുരുദേവന്‍, മദര്‍ തെരേസ, സ്വാമി വിവേകാനന്ദന്, ചെഗുവേര എന്നിവരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്നു. ഇവരുടെ ചിത്രങ്ങള്‍ക്കടിയില്‍ ജാതിക്കും മതത്തിനുമെതിരായ മുദ്രാവാക്യങ്ങളുമുണ്ട്.
കയ്യൂരും കരിവള്ളൂരും പുന്നപ്ര വയലാറുമെല്ലാം നെഞ്ചിലേറ്റി ഘോരഘോരം പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന വിപ്ലവകാരികളുടെ കാപട്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. വിഭാഗീയതയുടെ തീച്ചൂളയില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം തകര്‍ന്നടിയുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിലാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ പലരും വോട്ടുപിടിക്കുന്നതും സ്ഥാനങ്ങളില്‍ എത്തുന്നത് പോലും. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത് ആദര്ശാത്മകതയല്ല മറിച്ച് വര്‍ഗീയതയാണെന്ന് ഇന്ന് പരസ്യമാണ്.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പിന്നോക്ക വിഭാഗങ്ങളിലെ സ്വാധീനം നിലനിര്‍ത്തുവാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പാര്‍ട്ടി ശ്രീനാരായണ ഗുരുദേവനില്‍ അഭയം തേടിയിരിക്കുന്നത്. അതും ഗുരുദേവന് പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ക്ഷേത്രത്തിന് മുമ്പില്‍ത്തന്നെ.
കുറെ കാലം മുമ്പ് ഇതേ പ്രചാരണം സിപിഎം നടത്തിയിരുന്നു. അന്ന് ഇതിന് താത്വിക പരിവേഷം നല്കുവാന് ശ്രമിച്ച് പരിഹാസ്യരാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അതേ തന്ത്രവുമായി നിലനില്‍പ്പിനായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ഗുരുദേവനെയും ആചാര്യന്മാരെയും പാര്‍ട്ടി പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഇവരെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: