പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പ്പെട്ട കല്ലുമല ഹരിജന്‍ സെറ്റില്‍ മെന്റ് കോളനി, അബദ്കര്‍ കോളനി എന്നിവിടങ്ങളില്‍ സണ്‍ഡേ സ്കൂള്‍ പുനരുദ്ധാരണത്തിന്റെ മറവില്‍ അനധികൃതമായി പള്ളിയും സെമിത്തേരിയും പണിയുന്നതിനുള്ള നീക്കത്തിനെതിരെ വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി നിരവധി പേര് ഒപ്പിട്ട പരാതി ഇവര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നല്കികഴിഞ്ഞു. ഐമുറി കവലയില്‍ കീഴില്ലം- കുറിച്ചിലക്കോട് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ചാപ്പലിന്റെ വികാരിയും, ട്രസ്റ്റിയുമാണ് അനധികൃത പള്ളിപണിക്ക് നേതൃത്വം നല്‍കുന്നതെന്നാണ് കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
200 ഏക്കറോളം വിസ്തീര്‍ണമുള്ള ഈ കോളനിയില്‍ 100ല്‍ അധികം ഹിന്ദുകുടുംബങ്ങളും 5 ക്രിസ്ത്യന്‍ കുടുംബങ്ങളുമാണ് താമസിക്കുന്നത്. ഇവിടെ നിത്യാരാധനയുള്ള ഒരു അയ്യപ്പക്ഷേത്രം, നാഗരാജാക്ഷേത്രം, മുല്ലക്കല്‍ ഭഗവതി ക്ഷേത്രം എന്നിവയും ഉള്ള ഈ കോളനിയില്‍ ഒരു പള്ളിയും സെമിത്തേരിയും പണിയുന്നതിനോട് മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളും എതിരാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ഈ കോളിനിയുടെ മുഴുവന്‍ ഭാഗത്തും, വൈദ്യുതി, വെള്ള, വഴി സൗകര്യങ്ങള്‍ ആയതോടെ സെന്റിന് 10 വര്‍ഷം മുമ്പ് 1000 രൂപ പോലും ഇല്ലാതിരുന്ന ഇവിടെ ലക്ഷങ്ങള്‍ വാഗ്ദാനവുമായി പള്ളി അധികാരികള്‍ ഹരിജനങ്ങളെ പ്രലോഭിപ്പിക്കുകയുമാണെന്ന് നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ പള്ളികമ്മറ്റിക്കാരനായ റിട്ടയേഡ് എസ്ഐയുടെ അധികാരമുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുന്നതും പതിവാണെന്നും കോളനി നിവാസികള്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി പള്ളിക്കുദ്ദേശിക്കുന്ന സ്ഥലത്തേക്ക് വഴിയുണ്ടാക്കുന്നതിനായി തൊട്ടുചേര്‍ന്നുള്ള തേര്‍മഠത്തില്‍ കുഞ്ഞുമോന് എന്നയാളുടെ പുരയിടത്തിലൂടെ അന്യായമായി രാത്രിയില്‍ വഴിവെട്ടുകയും തുടര്‍ന്ന് വന്‍സംഘര്‍ഷം ഇവിടെ ഉണ്ടായതുമാണ്. എന്നാല്‍ ഔദ്യോഗിക തലങ്ങളിലെ സ്വാധീനം ഉപയോഗിച്ച് കോടനാട് പോലീസ് അന്ന് കുഞ്ഞുമോനെ കസ്റ്റഡിയില്‍ എടുത്തതായും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയാണ് കുഞ്ഞുമോന് സ്വന്തം സ്ഥലം വീണ്ടെടുത്തത്.
2006ല്‍ ഈ പ്രദേശത്ത് സണ്ഡേസ്കൂള് പുനരുദ്ധാരണത്തിനായി പള്ളിഅധികാരികളും സാജുപോള്‍ എംഎല്‍എയും ചേര്‍ന്ന് ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കുമുള്ള സെന്റ്മേരീസ് ചാപ്പലിനോട് തൊട്ടുചേര്‍ന്ന് റോഡരികില്‍തന്നെ എംജിഎം സണ്ഡേസ്കൂള് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ കെട്ടിടത്തിന് യാതൊരുകുഴപ്പവും ഇല്ലെന്നും കോളനിക്കാര്‍ പറയുന്നു. പുനരുദ്ധാരണമാണ് ലക്ഷ്യമെങ്കില്‍ പഴയത് പൊളിച്ച് അവിടെ തന്നെ പുതിയത് പണിയുകയാണ് വേണ്ടതെന്നും റോഡരികിലെ കെട്ടിടം ഉപേക്ഷിച്ച് മലമുകളിലേക്ക് പോകുന്നത് ഹരിജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കാനും ഇവിടെ മതസൗഹാര്‍ദം തകര്‍ത്ത് മുതലെടുപ്പ് നടത്താനുമാണെന്ന് ഹിന്ദുസംഘടനകള്‍ ആരോപിച്ചു. 2006ല്‍ തറക്കല്ലിടല്‍ നടന്നപ്പോള്‍ തന്നെ ഹിന്ദുക്കള്‍ ചേര്‍ന്ന് ആര്‍ഡിഒക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടെ പള്ളിവന്നാല് മതസൗഹാര്‍ദ്ദം തകരുമെന്നും അതിനാല്‍ അനധികൃതമായി പള്ളിപണിയുന്നതിനുള്ള നീക്കം തടയണമെന്നും കാണിച്ച് 2007ല്‍ കുറുപ്പംപടി സിഐക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നതാണ്.
ഇതെല്ലാം കാറ്റില്‍ പറത്തി ക്രിസ്ത്യാനികളായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പഞ്ചായത്ത് അധികൃതരെ കബളിപ്പിച്ച് സണ്ഡേസ്കൂള് പണിയുന്നതിന് സമ്പാദിച്ച അനുമതിയുടെ മറവിലാണ് വീണ്ടും പള്ളിപണിക്ക് ഒരുക്കം നടക്കുന്നതെന്നാണ് കോളനിയിലെ ഹരിജനങ്ങള്‍ പറയുന്നത്. സണ്ഡേസ്കൂള് എന്നപേരില്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന പ്ലാനിലും, എലിവേഷനിലും ഒരു വലിയ പള്ളിക്കാവശ്യമായ എല്ലാസൗകര്യങ്ങളുമുണ്ടെന്നും കോളനിക്കാര്‍ പറഞ്ഞു. 90 ശതമാനം ഹിന്ദുകുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കല്ലുമല ഹരിജന്‍ കോളനിയില്‍ മത പരിവര്‍ത്തനം ലക്ഷ്യംവച്ചുകൊണ്ട് ഇവിടത്തെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള ക്രിസ്ത്യാനികളുടെ നീക്കത്തെ എന്തുവിലകൊടുത്തും തടയുമെന്നും ഇപ്പോള്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഹിന്ദുഐക്യവേദി അടക്കമുള്ള ഹിന്ദുസംഘടനകളും വിവിധ സാമുദായിക സംഘടനാ നേതാക്കളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: