കൊച്ചി: ജില്ലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍ വിലയിരുത്തി. പ്രമുഖ ഐ.ടി.കമ്പനികളിലടക്കം ഇത്തരം പീഡനങ്ങള്‍ നടക്കുന്നതായി കമ്മീഷനു മുമ്പാകെ പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ വനിതാ കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തും. ഇത്തരം കേസുകളെല്ലാം കമ്മീഷന്റെ ഫുള്‍ ബെഞ്ചിലേക്ക് വിട്ടതായി വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ് പറഞ്ഞു.
ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പഠിക്കുന്ന പി.ജി.വിദ്യാര്‍ത്ഥിനിയെ വകുപ്പ് തലവന്‍ പീഡിപ്പിച്ചതായുള്ള പരാതി കമ്മീഷനു കിട്ടി. ആള്‍ ഇന്ത്യാ എന്‍ട്രന്‍സ് വഴി ഉയര്‍ന്ന റാങ്ക് ലഭിച്ച് പഠനം തുടങ്ങിയ വിദ്യാര്‍ത്ഥിനിയുടെ അനുഭവം ഞെട്ടിക്കുന്നതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം നൂറുബിന റഷീദ് പറഞ്ഞു. പീഡനം കാരണം വിദ്യാര്‍ത്ഥിനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ പരാതിയില്‍ പരാതിക്കാരയുടെ മൊഴി രേഖപ്പെടുത്തി കമ്മീഷന്റെ ഫുള്‍ ബെഞ്ചില്‍ സമര്‍പ്പിക്കും.
മാതാപിതാക്കളെ അവഗണിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നുവെന്ന പരാതികളും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കെതിരെ അയല്‍വാസികളും മറ്റും നോട്ടത്താലും സംസാരം കൊണ്ടും പീഡിപ്പിക്കുന്ന കേസുകളില്‍ പോലീസ് ശ്രദ്ധ പുലര്‍ത്താത്തതും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. കുറവ് തൃശ്ശൂരിലും.
കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു. ഭാര്യ ഭര്‍തൃ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ സഹോദരി സഹോദര പ്രശ്നങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല, പരാതികളിന്‍മേലുള്ള നടപടികള്‍ മനപ്പൂര്‍വ്വം പോലീസുകാര്‍ വൈകിപ്പിക്കുന്നു, പോലീസുകാര്‍ പരാതികളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.
വനിതാ കമ്മീഷനില്‍ പരാതി കൊടുത്തു എന്നറിഞ്ഞ് പുറത്ത് വെച്ച് തന്നെ പരാതികള്‍ ഒത്തു തീര്‍പ്പാക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 73 പരാതികള്‍ ലഭിച്ചു. ആറു ബൂത്തുകളിലായി നടന്ന വിസ്താരത്തില്‍ 20 പരാതികളില്‍ തീര്‍പ്പു കല്‍പിച്ചു. നാലു കേസുകള്‍ പോലീസിന്റെ അന്വേഷണത്തിനും ആറു കേസുകള്‍ കമ്മീഷന്റെ ഫുള്‍ ബെഞ്ചിലേക്കും മാറ്റി. 23 കേസുകള്‍ കക്ഷികള്‍ വരാത്തതിനാലും 20 കേസുകള്‍ അടുത്ത മാസം നടക്കുന്ന അദാലത്തില്‍ പരിഗണിക്കും.
സംസ്ഥാന വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പാനല്‍ അഭിഭാഷകരായ പി.എ.റസിയ, സാജിതാ സിദ്ധീഖ്, പി.ആര്‍ ഷാജി, സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: