തിരുവനന്തപുരം: 2012 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ സ്കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യുഐഡി അഥവാ ആധാര്‍) നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച് സ്കൂളുകളില്‍ യുഐഡി നമ്പര്‍ നല്‍കുന്നതിനുള്ള എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ക്കായിരിക്കും. ഏകോപനം ഐടി@സ്കൂള്‍ പ്രോജക്ടായിരിക്കും. ഇതനുസരിച്ച് ഓരോ കുട്ടിയുടെയും കെ.വൈ.ആര് ഭാഗത്തു പറയുന്ന കാര്യങ്ങള്‍ (പേര്, ജനനതീയതി, ലിംഗം, അച്ഛന്റെ പേര്, അമ്മയുടെ പേര്, വിലാസം, പിന്‍കോഡ്) നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതുകൂടാതെ സ്കൂള്‍ കോഡും കുട്ടിയുടെ അഡീഷണല്‍ നമ്പറും റേഷന്‍ കാര്‍ഡ് നമ്പറുണ്ടെങ്കില്‍ അതും കെവൈആര്‍ പ്ലസായി നല്‍കണം.
ഫോം പൂരിപ്പിക്കേണ്ടതും വെരിഫൈ ചെയ്യേണ്ടതും കുട്ടിയുടെ സഹായത്തോടെ അതത് ക്ലാസ് ടീച്ചര്‍മാരാണ്. പൂരിപ്പിച്ച ഫോം കുട്ടി വീട്ടില്‍ കാണിച്ച് രക്ഷിതാക്കളുടെ അംഗീകാരം വാങ്ങണം. ക്ലാസ് ടീച്ചറിന്റെ ഒപ്പും സ്കൂളിന്റെ സീലും പതിച്ച ഓരോ കുട്ടിയുടെയും രജിസ്ട്രേഷന് ഫോം എന്റോള്‍മെന്റ് തീയതിക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിക്കണം. സ്കൂളുകളില്‍ ഡിവിഷന് തിരിച്ചാണ് കുട്ടികളുടെ രജിസ്ട്രേഷന്. സ്കൂളുകളിലെ എന്റോള്‍മെന്റ് കാര്യങ്ങള്‍ പ്രഥമാധ്യാപകന്റെ മേല്‍നോട്ടത്തിലായിരിക്കും. വെരിഫയര്മാര്ക്ക് നല്കുന്ന തുകയ്ക്ക് പുറമെ എന്റോള്‍മെന്റ് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിനാനുപാതികമായി നിശ്ചത തുക സ്കൂളുകളിലെ ഐടി പശ്ചാത്തല സൗകര്യമൊരുക്കാനായി യുഐഡി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. എന്റോള്‍മെന്റ് നടത്താനായി അംഗീകൃത ഏജന്‍സികള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യവും വൈദ്യുതി സൗകര്യവും സ്കൂളുകള്‍ നല്‍കണം. എന്റോള്‍മെന്റ് നടത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് ഐടി@ സ്കൂള്‍ പ്രോജക്ട് ലഭ്യമാക്കണം.
ആധാറിനായി ശേഖരിക്കുന്ന വിവരം യുഐഡി അതോറിറ്റിയുടെ സെര്‍വറില്‍ അപ്ലോഡ് ചെയ്യാനും വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന ക്ഷേമപ്രവര്ത്തനങ്ങള്ക്കുമല്ലാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ല എന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പുവരുത്തണം. കുട്ടികളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും സര്‍ക്കുലര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. സര്‍ക്കുലര്‍ ംംം.ലറൗരമശ്ി.സലൃമഹമ.ഴീ്ശില് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: