കൊച്ചി: സമൂഹം മറന്നുപോയ ആത്മീയതയെ ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീ തഥാതന്. മറന്നുപോയത് ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. താനൊരു സന്യാസിയോ ആത്മീയ ആചാര്യനോ അല്ല. എല്ലാവരുടെയും സുഹൃത്തുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മീയതയെ ഉയര്‍ത്താന്‍ കഴിയാത്ത വിദ്യാഭ്യാസം നാടിനെ നശിപ്പിക്കും. ഇന്നത്തെ വിദ്യാഭ്യാസം സമ്പത്തിന് മാത്രമായി മാറിയിരിക്കുകയാണ്. സ്വധര്‍മത്തെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇന്ന് ആര്‍ക്കും ലഭിക്കുന്നില്ല. മദ്യശാലകളും മാംസശാലകളും കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ദുഷിപ്പിക്കുന്നതുകൊണ്ട് വന്‍വിപത്തിനെ നാം നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭൗതിക പുരോഗതി ഉണ്ടായിട്ടും മനുഷ്യന് പുരോഗമിച്ചിട്ടില്ല. ഇതിന് കാരണം അശാന്തിയാണ്. മനുഷ്യര്‍ ലക്ഷ്യബോധമില്ലാതെ എങ്ങോട്ടെന്നില്ലാതെ അലയുകയാണ്.
ശാന്തിയുടെ ഉറവിടം സ്നേഹമാണ്. സ്നേഹം ആത്മാവിലാണെന്നും ഈ ആത്മീയ ഊര്‍ജത്തെ ഉയര്‍ത്തുകയാണ് തന്റെ വിശ്വശാന്തിയാത്രയിലൂടെ ലക്ഷ്യമാക്കുന്നതെന്നും തഥാതന് പറഞ്ഞു. കഴിഞ്ഞ ജൂലൈ തൊട്ട് ആരംഭിച്ച വിശ്വശാന്തിയാത്രക്ക് എറണാകുളത്ത് നല്കിയ സ്വീകരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ.ടി. ഭാസ്കരന് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, വിഎച്ച്പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി.മദനന്, കവി എസ്. രമേശന്‍നായര്‍, ആര്.കെ. ദാമോദരന്‍, മൈത്രേയി അമ്മ, സി.ജി. രാജഗോപാല്‍, ഇ. അനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഹൈക്കോടതി ജംഗ്ഷനില്‍നിന്നും ആരംഭിച്ച ശാന്തിയാത്ര കുമ്മനം രാജശേഖരന് ഉദ്ഘാടനംചെയ്തു. ഗൗരികല്യാണമണ്ഡപത്തിന് മുന്നില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ തപോവരിഷ്ടാശ്രമം ആചാര്യന് ശ്രീ തഥാതനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: