ജയിലില്‍ കഴിയുന്ന ഭീകരര്‍ക്ക് അത്യന്താധുനിക മൊബെയില്‍ ഫോണടക്കം ലഭിക്കുന്നുണ്ടെന്നും അതുപയോഗിച്ച് വിദേശരാജ്യങ്ങളില്‍ പോലും ബന്ധപ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് അത്യന്തം ഗൗരവമുള്ളതാണ്. എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് നല്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രി നിയമസഭയിലാണറിയിച്ചത്. ജയിലുകളില്‍ മൊബെയില്‍ ഫോണ്‍ ഭീകരര്‍ യഥേഷ്ടം ഉപയോഗിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഗൗരവത്തിലെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാരോ ഇന്നത്തെ സര്‍ക്കാരോ തയ്യാറായിരുന്നില്ല. ജയിലില്‍ സഖാക്കളായ കുറ്റവാളികള്‍ക്ക് സര്‍വസൗകര്യങ്ങളും ഉറപ്പാക്കാന്‍ സിപിഎം ഒരുപാട് വഴിവിട്ട നടപടികള്‍ സ്വീകരിച്ചിരുന്നു. അത് തന്ത്രപൂര്‍വം ഭീകരര്‍ പ്രയോജനപ്പെടുത്തി എന്നു വേണം കരുതാന്‍. ഏതായാലും ഒടുവില്‍ തിരിച്ചറിവു സംഭവിച്ചതിനാലാകാം ജയിലിലെ ഭീകരപ്രശ്നം പ്രതിപക്ഷം തന്നെ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരിക്കുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിദേശത്തേക്ക് ഫോണ്‍വിളികള്‍ പോയത് സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന ശുപാര്‍ശയാണ് ജയില്‍ എഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. തീവ്രവാദിശൃംഖല ജയിലില്‍ നിന്നുപോലും വിദേശബന്ധം പുലര്‍ത്തുന്നതായാണ് ഈ വിളികളില്‍ നിന്ന് ലഭിക്കുന്ന സൂചന. എഡിജിപിയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നസീറിനെയും ഷഫാസിനെയും കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്തിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കം നടത്തിയ മിന്നല്‍ റെയ്ഡില്‍ ഒട്ടേറെ മൊബെയില്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. തടിയന്റവിട നസീര്‍, ഷഫാസ് തുടങ്ങിയവരെ പാര്‍പ്പിച്ച പത്താം നമ്പര്‍ ബ്ലോക്കില്‍ നിന്നുള്‍പ്പെടെ കണ്ണൂരില്‍ നിന്ന് 29 ഫോണുകളാണ് പിടിച്ചെടുത്തത്. ഇവയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ അമേരിക്ക, ആസ്ട്രേലിയ, ഫ്രാന്‍സ്, പാക്കിസ്ഥാന് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ഫോണ്‍വിളികള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ജയിലില്‍ എത്തിയ ശേഷം വിളിച്ചതാണോ അതല്ല പുറത്തു നിന്നാരെങ്കിലും വിളിച്ചതാണോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും നൂറുകണക്കിന് മൊബെയില്‍ ഫോണുകള്‍ ജയിലില്‍ പ്രവര്‍ത്തിച്ചു എന്നു പറഞ്ഞാല്‍ അത് നിസ്സാര കാര്യമല്ല. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ഫോണ്‍ സൗകര്യം ജയിലില്‍ തന്നെ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മൊബെയില്‍ നേരായ മാര്‍ഗത്തില്‍ ഉപയോഗിക്കാനല്ലെന്ന കാര്യത്തില്‍ സംശമില്ല.
മൊബെയില്‍ ഫോണുകള്‍ നിലവില്‍ വന്നകാലം മുതല്‍ ജയിലുകളില്‍ ഇതുണ്ടത്രെ. ഫോണ്‍ ഉപയോഗത്തില്‍ പലതും ഐബി, റോ മുതലായ ഏജന്‍സികള്‍ അന്വേഷിക്കേണ്ടവയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ടെലിഫോണ്‍ കോളുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉപഗ്രഹ ഫോണുകള്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ ശക്തമായ ഭീകരവാദ ശൃംഖല ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജയിലുകളില്‍ ഭീകരവാദത്തിന്റെ ശാഖകള്‍ എത്തിയെന്നും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എന്തോ ഒന്ന് ജയിലുകള്‍ക്കുള്ളില്‍ നടന്നുവെന്നും അനുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളുമായി ‘ജയിലിലെ ഭീകരവാദികള്‍’ ബന്ധപ്പെടുന്നതായി സംശയിക്കപ്പെടുന്നതിനാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.
ജയിലുകളില്‍ നിന്ന് വിദേശത്തേക്ക് ഫോണ്‍ കോളുകള്‍ പോകുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ വിവിധ ജയിലുകളില്‍ നിന്നായി നൂറ്റമ്പതോളം മൊബെയില്‍ ഫോണുകളും ആയിരക്കണക്കിന് സിംകാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ സിംകാര്‍ഡുകളില്‍ നിന്ന് വിളി പോയിട്ടുള്ളതായി സംശയമുണ്ട്. പതിനെട്ടക്ക നമ്പരുകള്‍ വരെ ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഭൂമിയിലെ ടവറുകളുമായി ബന്ധപ്പെടാതെ ഉപഗ്രഹത്തിന്റെ സഹായത്തോടെ നേരിട്ട് വിദേശ രാജ്യത്തെ നമ്പരുകളിലേക്ക് ബന്ധപ്പെടാവുന്ന സാറ്റലൈറ്റ് ഫോണുകളും സ്കൈപ് പോലുള്ള ഇന്റര്‍നെറ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ വിളിക്കാവുന്ന ഫോണുകളും ജയിലില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫോണും സിംകാര്‍ഡുകളും പിടിച്ചെടുത്തതു കൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. ഇത്രയും ഫോണുകള്‍ ജയിലുകളിലെത്തുകയും നിര്‍ബാധം ഉപയോഗിക്കുകയും ചെയ്തത് ആരുടെയെങ്കിലും ഒത്താശയോടെത്തന്നെയാകാനും സാധ്യതയുണ്ട്. അത്തരക്കാരെ കണ്ടെത്തണം. അവര്‍ ജയിലുകളിലെ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്ക് ജയിലുകളിലെ സ്ഥാനം തടവുകാരായിട്ടാകണം.
ചേവായൂരിന് വെള്ളം വേണം
കോഴിക്കോടു നഗരത്തിലെ ചേവായൂര്‍ ദേശവാസികള്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ് വെള്ളത്തിനു വേണ്ടി. മൂന്നാഴ്ചയിലധികമായി അവര്‍ക്ക് വെള്ളം ലഭിക്കുന്നില്ല. ശുദ്ധജല വിതരണ സംവിധാനം പാടെ നിലച്ചു. ജലഅതോറിറ്റിയും നഗരസഭയും ഈ പ്രദേശത്തുകാരുടെ വേദനയും രോദനവും അറിഞ്ഞ ഭാവം നടിക്കുന്നില്ല. ടാപ്പു തുറന്നാല്‍ ഒരിറ്റു വെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി ജീവിതത്തെ ശപിച്ചാണ് ജനങ്ങള്‍ കഴിയുന്നത്. പൈപ്പിലൂടെ വെള്ളത്തിനു പകരം കാറ്റാണ് വരുന്നത്. കാറ്റു വന്നാലും മീറ്റര്‍ പ്രവര്‍ത്തിക്കും. ഇല്ലാത്ത വെള്ളം ഉപയോഗിച്ചതായി രേഖയിലുണ്ടാകും. അതനുസരിച്ച് തുകയടിച്ചില്ലെങ്കില് പെനാല്‍റ്റിയടക്കം നല്‍കേണ്ട അവസ്ഥയാണ്.
ഭക്ഷണം കഴിച്ചില്ലെങ്കിലും അലക്കും കുളിയും മലയാളിക്ക് നിര്‍ബന്ധമാണ്. വെള്ളം ലഭിക്കാതിരുന്നാല്‍ എല്ലാം മുടങ്ങും. മുന്നൂറും നാനൂറും രൂപ നല്‍കിയാണ് ഒരു ദിവസത്തെ ആവശ്യത്തിന് വെള്ളം വാങ്ങുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോലിക്കു പോകേണ്ടവര്‍, വിദ്യാര്‍ഥികള്‍ എല്ലാം വെള്ളമില്ലാതെ ദുരിതം പേറുന്ന കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. കുടിവെള്ളം നല്‍കാനുള്ള സംവിധാനം തകരാറിലായാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ബാധ്യത ജല അതോറിറ്റിക്കും നഗരസഭയ്ക്കുമുണ്ട്. അത് നിര്‍വഹിക്കാന്‍ അമാന്തിച്ചു കൂട. കോഴിക്കോട് നഗരസഭയ്ക്കകത്തുള്ള ഒരു പ്രദേശത്ത് മൂന്നാഴ്ചയിലധികമായി കുടിവെള്ള വിതരണം നിലച്ചു എന്ന അവസ്ഥ ഊഹിക്കാന്‍ പോലും പറ്റുന്നില്ല. ഓഫീസുകളില്‍ കയറി അതിക്രമങ്ങള്‍ കാട്ടിയാലേ ബന്ധപ്പെട്ടവരുടെ കണ്ണു തുറക്കൂ എന്നാണോ ? എങ്കില്‍ ജനങ്ങള്‍ ആ വഴിക്കു നീങ്ങിയാല്‍ കുറ്റം പറയാനൊക്കുമോ ? ചേവായൂരില്‍ കുടിവെള്ളം ലഭിച്ചേ പറ്റൂ. അതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: