“ഇദം ത്രൈലോക്യവിഖ്യാതാ തീര്‍ത്ഥം
നൈമിഷമുത്തമം
മഹാദേവപ്രിയകരം മഹാപാതകനാശനം”.
ഈ നൈമിഷതീര്‍ത്ഥം മൂന്നുലോകങ്ങളിലും വിഖ്യാതമായതാണ്. മഹാദേവന് അതിപ്രിയങ്കരവും മഹാപാപങ്ങളെ നശിപ്പിക്കുന്നതുമാണ്.
ഒരിക്കല്‍ ശൗനകമഹര്‍ഷിയുടെ മനസ്സില്‍ ദീര്‍ഘകാലം കൊണ്ടു നടക്കുന്ന ഒരു ജ്ഞാനസത്രം നടത്താനുള്ള ആശ ജനിച്ചു. സത്രം നടത്താന്‍ യോജിച്ച സ്ഥലം ഏതെന്നു നിശ്ചയിക്കാന്‍ അദ്ദേഹം ബ്രഹ്മദേവനെ സമീപിച്ചു. ബ്രഹ്മദേവന്‍ മഹര്‍ഷിക്ക് ഒരു ചക്രം കൊടുത്തിട്ടു പറഞ്ഞു: ഇതു ഭൂമിയില്‍ ഉരുട്ടിവിടുക. എവിടെ ഇതിന്റെ നേമി (ചക്രത്തിന്റെ പരിധി) ചെന്നു നില്‍ക്കുമോ ആ സ്ഥലം സത്രത്തിനു യോജിച്ചതാണ്. ശൗനകനോടൊപ്പം എണ്‍പത്തെണ്ണായിരം മഹര്‍ഷിമാരുണ്ടായിരുന്നു. അവരെല്ലാവരും ആ ചക്രവും ഉരുട്ടിക്കൊണ്ടുപോന്നു. ഗോമതീനദീത്തീരത്ത് ഒരു തപോവനത്തില്‍ ചക്രത്തിന്റെ നേമി ഉറച്ചു നിന്നു. ചക്രം ഭൂമിയ്‌ക്കുള്ളില്‍ മറഞ്ഞു. നേമി ഉറച്ച സ്ഥലമാകായാല്‍ അതിനു നൈമിഷം എന്നു പേരുണ്ടായി. ചക്രം മറഞ്ഞ സ്ഥലത്ത് ചക്ര തീര്‍ത്ഥമുണ്ടായി. ഇത് അന്‍പത്തൊന്നു പിതൃതീര്‍ത്ഥങ്ങളില്‍ ഒന്നാണ്. ഇവിടെ വന്ന് ജനങ്ങള്‍ ശ്രാദ്ധവും പിണ്ഡദാനവും മറ്റും നടത്തുന്നു. ശൗനകന്‍ ഇവിടെ ആയിരം വര്‍ഷം ജ്ഞാനസത്രം നടത്തി. ഇവിടെ വച്ച് സൂതന്‍ മഹര്‍ഷിമാര്‍ക്ക് പുരാണ കഥകള്‍ പറഞ്ഞുകൊടുത്തു.
വടക്കന്‍ (ഉത്തര) റെയില്‍വേയുടെ ബാലാമവൂ സ്റ്റേഷനില്‍ നിന്ന് വേറൊരു ലൈന്‍ പോവുന്നുണ്ട്. ആ ലൈനിലൂടെ പതിനാറു കിലോമീറ്റര്‍ ചെന്നാല്‍ നൈമിഷാരണ്യ സ്റ്റേഷനായി.
ഈ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണു ചക്രതീര്‍ത്ഥം. ഇതു ഒരു തടാകമാണ്. ഇതിന്റെ മദ്ധ്യഭാഗം വൃത്താകാരമാണ്. അവിടെ നിന്ന് ജലം ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ തീരത്ത് ചില ക്ഷേത്രങ്ങളുണ്ട്. അവയില്‍ പ്രധാനം ഭൂതനാഥക്ഷേത്രമാണ്.
നൈമിഷാരണ്യം ഭൂവിഭാഗത്തിലെ പ്രധാനസ്ഥലങ്ങള്‍ – പഞ്ചപ്രകാശ്, അക്ഷയവടം, ലളിതാദേവീക്ഷേത്രം, ഗോവര്‍ദ്ധനമഹാദേവന്‍, ക്ഷേമകായദേവി, ജാനകീകുണ്ഡം, ഹനുമാന്‍ജി, കാശീസരോവരം, വിശ്വനാഥം, അന്നപൂര്‍ണ്ണാക്ഷേത്രം, ധര്‍മ്മരാജക്ഷേത്രം, വ്യാസശുകസ്ഥാനം, ഗോമതീനദി, പാണ്ഡവടീലാ, സൂതന്റെ സ്ഥാനം, രാമക്ഷേത്രം ഇവയാണ്.
ഇവിടെ വനത്തിനുള്ളില്‍ മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ രുദ്രാവര്‍ത്തമെന്ന കൂപം കാണാം.
നൈമിഷാരണ്യം പുരാണങ്ങളുടെ ആവിര്‍ഭാവസ്ഥാനമാകയാല്‍ ഭാരതത്തിലെ പ്രധാന സ്ഥലമാണ്. ബലരാമന്‍ ഇവിടെ യജ്ഞം നടത്തിയിട്ടുണ്ട്.
മിശ്രിഖ് 26
ഇത് നൈമിഷാരണ്യത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരെയുള്ള സ്റ്റേഷനാണ്. സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തീര്‍ത്ഥം. ഇവിടെയാണു ദധീചികുണ്ഡം. ഈ സ്ഥലത്തായിരുന്നു ത്യാഗമൂര്‍ത്തിയായിരുന്ന ദധിചിമഹര്‍ഷിയുടെ ആശ്രമം നിന്നിരുന്നത്. അദ്ദേഹം വൃത്രാസുരവധത്തിനുവേണ്ടി തന്റെ അസ്ഥി വന്നു യാചിച്ച ദേവേന്ദ്രന് അതു ദാനം ചെയ്തു. അസ്ഥി കൊടുത്തശേഷം മഹര്‍ഷി യോഗമാര്‍ഗം അവലംബിച്ച് ദേഹത്യാഗം ചെയ്തു.
ദധീചികുണ്ഡത്തില്‍ ദേവതമാര്‍ സകല തീര്‍ത്ഥങ്ങളിലെയും ജലം കൊണ്ടു വന്നു ചേര്‍ത്തു. അതിനാല്‍ ഈ സ്ഥലത്തിനും തീര്‍ത്ഥത്തിനും മിശ്രിഖ് എന്നു പേരുണ്ടായി. കുണ്ഡത്തിനു സമീപം ദധീചിയുടെ ക്ഷേത്രം നില്‍ക്കുന്നുണ്ട്.
ധൗതപാപം
ഈ തീര്‍ത്ഥം മിശ്രിഖില്‍ നിന്നും എട്ടുകിലോമീറ്റര്‍ അകലെയാണ്. ഈ ഗ്രാമത്തിന്റെ പേര്‍ രാജപതി. ഇവിടുത്തെ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ സകല പാപങ്ങളും ഇല്ലാതാവും. ഇതേക്കുറിച്ചുള്ള പ്രസ്താവം പുരാണങ്ങളിലുണ്ട്. ഹിംസമൂലമുള്ള പാപമോചനത്തിനായി ആളുകള്‍ ഇവിടെ വരുന്നു. ഭഗവാന്റെ ഠാകുര്‍ ഉദ്യാനം, ശിവന്റെയും ഹനുമാന്റെയും ക്ഷേത്രങ്ങള്‍ ഇവ ഇവിടെയുണ്ട്.
ബ്രഹ്മാവര്‍ത്തം (ബിഠൂര്‍)
ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗവും ബസു മാര്‍ഗവും ഇവിടെ വന്നു ചേരാം. സ്റ്റേഷനില്‍ നിന്നു വരുമ്പോള്‍ ആദ്യമായി പുതിയ ഗ്രാമവും പിന്നീട് പൗരാണികതീര്‍ത്ഥവും കാണാം.
ഇവിടെ ഗംഗയില്‍ ചില കടവുകള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ബ്രഹ്മാഘാട്ട്. കൂടാതെ അനവധി ക്ഷേത്രങ്ങളും ബ്രഹ്മാവര്‍ത്തത്തിലുണ്ട്. അതില്‍ പ്രമുഖമാണ് വാല്മീകേശ്വരക്ഷേത്രം.
ഗംഗാതീരത്തെ പടവുകളില്‍ ഒരിടത്ത് ഒരടി പൊക്കമുള്ള വലിയ ഒരാണി (കുറ്റി) ഉണ്ട്. ഇത് ബ്രഹ്മാവിന്റേതായി പറയപ്പെടുന്നു.
കാണ്‍പൂര്‍
ഉത്തരപ്രദേശിലെ ഈ വലിയ നഗരം ഗംഗാതീരത്താണു സ്ഥിതി ചെയ്യുന്നത്. ഗംഗാതീരത്ത് അനവധി കടവുകളും ക്ഷേത്രങ്ങളുമുണ്ട്. അവയില്‍ പലതും കാഴ്ചയ്‌ക്കുകൂടി ആശ്ചര്യജനകങ്ങളും പുണ്യതീര്‍ത്ഥങ്ങളുമാണ്.
ചിത്രകൂടം
“യാവതാ ചിത്രകൂടസ്യ നരഃ ശൃംഗാണ്യവേക്ഷതേ
കല്യാണാനി സമാധത്തേ ന മോഹേ കുരുതേ മനഃ”
മനുഷ്യന്‍ ചിത്രകൂടത്തിന്റെ ശിഖരങ്ങള്‍ കാണുന്നതുവരെ അവന്റെ മനസ്സ് ഐശ്വര്യത്തിന്റെ മാര്‍ഗത്തില്‍ ചലിക്കുന്നു. മോഹത്തിന്റെ മാര്‍ഗത്തിലേക്കു കടക്കുകയില്ല.
ചിത്രകൂടത്തിലാണ് അത്രിമഹര്‍ഷിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. സപ്തര്‍ഷികളില്‍ ഒരാളായ അത്രിയെ ശ്രീരാമചന്ദ്രന്‍ ചെന്നു കണ്ടതായ രാമായണകഥ ഓര്‍ക്കുക. വലിയ സതിയായിരുന്ന അനസൂയ ദേവന്മാരെ തന്റെ പുത്രന്മാരാക്കിത്തീര്‍ത്തു. ഇവിടെ ശ്രീരാമചന്ദ്രന്റെ നിത്യസാന്നിധിയമുള്ളതായി കരുതുന്നു.
മനിക്പൂര്‍ – ഝാന്‍സി റെയില്‍വേ ലൈനിലാണ് ചിത്രകൂടത്തിലേക്കുള്ള കര്‍വീസ്റ്റേഷന്‍. ഇവിടെ നിന്ന് ചിത്രകൂടത്തിലേക്കു ബസ് കിട്ടും. ഇലാഹാബാദില്‍ നിന്നും സത്നയില്‍ നിന്നും ഇവിടേയ്‌ക്കു ബസ് സര്‍വ്വീസുണ്ട്.
ചിത്രകൂടഗ്രാമത്തിന്റെ പേര് സീതാപുരമെന്നാണ്. കര്‍വീസ്റ്റേഷനില്‍ നിന്ന് ഇങ്ങോട്ട് അഞ്ചു കിലോമീറ്ററ് ദൂരമുണ്ട്. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്.
ചിത്രകൂടം മുഴുവന്‍ ചുറ്റിനടന്നു കാണുന്നതിന് അഞ്ചുദിവസം വേണ്ടിവരും. അതിന്റെ ക്രമം ഇപ്രകാരമാണ്.
ആദ്യദിവസം രാഘവപ്രയാഗയില്‍ സ്നാനം ചെയ്യണം. പിന്നീടു കാമദഗിരി എന്ന പര്‍വ്വത പ്രദക്ഷിണവും സീതാപുരത്തിലെ തീര്‍ത്ഥങ്ങളുടെ ദര്‍ശനവും നടത്തണം. ഇതു മൊത്തം ഏഴു കിലോമീറ്റര്‍ ദൂരം വുരം.
രണ്ടാംദിവസം രാഘവപ്രയാഗയില്‍ സ്നാനം ചെയ്തശേഷം മന്ദാകിനി കടന്ന് കോടിതീര്‍ത്ഥം, സീതാമഹാനസം (അടുക്കള) ഇവ ദര്‍ശിച്ച് ഹനുമാന്‍ധാരയിലൂടെ മടങ്ങിവരണം. ഇതിനു പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതാണ്.
മൂന്നാംദിവസം സ്നാനം കഴിഞ്ഞ് കേശവഗഢ്, പ്രമോദവനം, ജാനകീകുണ്ഡം, സിര്‍സാവനം, സ്ഫടികശില, അനസൂയ ഈ സ്ഥലങ്ങള്‍ ദര്‍ശിച്ച് ബാബുപുരത്തില്‍ രാത്രി വിശ്രമിക്കാം. ഇതിനു പത്തു കിലോമീറ്റര്‍ നടന്നാല്‍ മതി.
നാലാംദിവസം ബാബുപുരത്തില്‍ നിന്നും ഗുപ്തഗോദാവരിയിലെത്തി സ്നാനം ചെയ്യണം. പിന്നീടു കൈലാസപര്‍വ്വതം ദര്‍ശിക്കണം. അനന്തരം ചൗബേപുരത്തിലെത്തി രാത്രി വിശ്രമിക്കാം. ഇതിനും വേണം പത്തുകിലോമീറ്റര്‍. അഞ്ചാംദിവസം ഭരതകൂപത്തിലെത്തി സ്നാനം ചെയ്യണം. പിന്നീടു രാമശയ്യകൂടി സീതാപുരത്തില്‍ തിരിച്ചെത്തണം. ഇതും പത്തുകിലോമീറ്റര്‍ താണ്ടേണ്ട തീര്‍ത്ഥമാണ്. ഇവയെല്ലാം ശ്രീരാമസീതാലക്ഷ്മണന്മാര്‍ വനവാസക്കാലത്തു സഞ്ചരിച്ച് നിത്യകര്‍മ്മാദികള്‍ നടത്തിയിരുന്ന പുണ്യസ്ഥലങ്ങളാണ്.
മന്ദാകിനീതീരത്തെ സീതാപുരത്തില്‍ ഇരുപത്തിനാലു കടവുകളുണ്ട്. ഇതില്‍ പ്രധാനങ്ങളാണ് രാഘവപ്രയാഗയും രാമഘാട്ടും. രാമഘാട്ടില്‍ യജ്ഞദേവീക്ഷേത്രം കാണാം. ഇവിടെ ബ്രഹ്മാവ് യജ്ഞം നടത്തിയിട്ടുണ്ട്. അദ്ദേഹം ഏര്‍പ്പെടുത്തിയ പര്‍ണ്ണകുടീക്ഷേത്രം അതാ നില്‍ക്കുന്നു. ഈ പര്‍ണ്ണകുടിയില്‍ ശ്രീരാമന്‍ വസിക്കുകയുണ്ടായി. രാമഘാട്ടിനു സമീപം തെരുവില്‍ ഗോസ്വാമി തുളസീദാസന്‍ താമസിച്ചിരുന്ന സ്ഥലമാണ്. ഇദ്ദേഹമാണ് തുളസീദാസരാമായണം (രാമചരിതമാനസം) എഴുതിയത്.
രാഘപ്രയാഗഘട്ടത്തിനു മുകളിലായി മത്തഗജേന്ദ്രേശ്വര്‍ എന്ന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: