ഡാര്‍ജിലിംഗ്: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം മുപ്പത്തി നാലായി ഉയര്‍ന്നു . മരിച്ചവരില്‍ ചെന്നൈ സ്വദേശിനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജോന്ഹരിയില് ഗൂര്‍ഖ ജനമുക്തി മോര്‍ച്ചാ നേതാവ് ബിമല്‍ ഗുരോങ്ങിന്റെ പ്രസംഗം കേള്‍ക്കാന്‍ പാലത്തിന് മുകളില്‍ നിന്നിരുന്ന നൂറോളം പേരാണ് ശനിയാഴ്ച അര്‍ദ്ധ രാത്രിയിലുണ്ടായ അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതോടൊപ്പം മേഖലയുടെ നേപ്പാള്‍ അതിര്‍ത്തിയില്‍പ്പെട്ട മറുഭാഗത്ത് നടന്നിരുന്ന വര്‍ണ്ണാഭമായ സാംസ്കാരിക പരിപാടികള്‍ മൂലമാണ് ഇത്രയധികം ആളുകള്‍ പാലത്തിന് മുകളില്‍ സ്ഥാനം പിടിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് സൂചിപ്പിച്ചു. പാലത്തില്‍ നിന്നാല്‍ ഇരുഭാഗത്തും നടന്നിരുന്ന പരിപാടികള്‍ വ്യക്തമായി കാണാനാകുമായിരുന്നു. പഴക്കം ചെന്ന ഒരു മരപ്പാലമാണ് തകര്‍ന്നതെന്നും ഈയിടെയുണ്ടായ ഭൂചലനത്തില്‍ ഇതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെന്നും ജിജെ എം വക്താവും എം എല്‍ എയുമായ ഹര്കാ ബഹാദൂര്‍ ഛത്രി പറഞ്ഞു.സംഭവ സ്ഥലത്ത് മതിയായ വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചെന്നും, മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടം സന്ദര്‍ശിച്ച് കഴിഞ്ഞതായും സംസ്ഥാന വികസന മന്ത്രി ഗൗതം ദേബ് അറിയിച്ചു.
ചെന്നൈയിലെ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്നും നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ അംഗമാണ് മരിച്ച ചെന്നൈ സ്വദേശിനി, മറ്റൊരു പെണ്‍കുട്ടിയെ ഇതിനിടയില്‍ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ നോര്‍ത്ത് ബംഗാള്‍ മ്മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്.
പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ആര്‍മിയുടെ നേതൃത്വത്തിലുള്ള നാല്പതംഗ വിദഗ്ധ സംഘവും ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: