തൃശൂര്‍: കവി മുല്ലനേഴി നീലകണ്ഠന് നമ്പൂതിരി ( 63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് സാഹിത്യ അക്കാദമിയില്‍ നടന്ന എ.അയ്യപ്പന് അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ച ശേഷം ഇന്നലെ രാവിലെ കണ്ണൂരിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനായാണ് വീട്ടിലേക്ക് യാത്രയായത്.
ഇതിനിടയിലായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. സംസ്കാരം ഇന്നലെ വൈകീട്ട് അവിണിശ്ശേരി മുല്ലനേഴി മനയിലെ വളപ്പില്‍ നടന്നു. ഭാര്യ: സാവിത്രി അന്തര്‍ജ്ജനം. മക്കള്‍: ദിലീപന്, പ്രകാശന്, പ്രദീപന്. കവി, ഗാനരചിയിതാവ്, നടന് , അധ്യാപകന്, എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു മുല്ലനേഴി. 1948 മേയ് 16ന് ഒല്ലൂര്‍ അവിണിശ്ശേരി മുല്ലനേഴി മനയില്‍ നാരായണന് നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു.
ഞാവല്പ്പഴങ്ങളിലെ ‘കറു കറുത്തൊരു പെണ്ണ്’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം മലയാള ഗാനശാഖയില്‍ പ്രശസ്തനായത്. ആദ്യ ഗാനരചന നടത്തിയത് ഞാവല്പഴങ്ങളിലാണെങ്കിലും രണ്ടാമത് ലക്ഷ്മീവിജയത്തിലായിരുന്നു ആദ്യം റിലീസായ ചിത്രം. രാമവര്‍മ്മപുരം ഗവ.സ്കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. 2001ലാണ് 1995,2010 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാഡമി പുരസ്കാരം, 1977-ല്‍ ഉള്ളൂര്‍ പുരസ്കാരം, 1989 നാലപ്പാടന് പുരസ്കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യന്‍ റുപ്പിയ്ക്കു വേണ്ടിയാണ് അവസാനമായി ഗാനരചന നിര്‍വഹിച്ചത്. സ്വര്‍ണപക്ഷികള്‍, നരേന്ദ്രന് മകന് ജയകാന്തന്‍വക, സന്മനസുള്ളവര്ക്ക് സമാധാനം, മേള, അയനം,വീണപൂവ് തുടങ്ങിയ സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. 64-ഓളം ചിത്രങ്ങള്‍ക്കു ഗാനമെഴുതി. പി.എം.അബ്ദുള്‍ അസീസിന്റെ ചാവേര്‍പ്പട എന്ന നാടകത്തിലൂടെ പ്രേംജിക്കൊപ്പം അഭിനയിച്ചാണ് അഭിനയരംഗത്തേയ്ക്കു കടന്നു വന്നത്. സത്യന് അന്തിക്കാടിന്റെ സ്നേഹവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.ബാലസാഹിത്യ രചനകളും, ആനവാല് മോതിരം, നാറാണത്തുഭ്രാന്തന്, അക്ഷരദീപം തുടങ്ങിയ കവിതാസമാഹരങ്ങളും പെണ്കൊട, സമതലം, മോഹപ്പക്ഷി എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണ സമിതിയംഗമായിരുന്നു.
മുല്ലനേഴിയുടെ നിര്യാണവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വസതിയിലും പൊതുദര്‍ശനത്തിനുവെച്ച സാഹിത്യ അക്കാദമിയിലുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
ഔദ്യോഗിക ബഹുമതി ഇല്ലാതെ വിട
തൃശൂര്‍ : ആരും ശബ്ദമുയര്‍ത്തിയില്ല മുല്ലനേഴി സാധാരണക്കാരനായി മടങ്ങി. നാടിന്റെ സാംസ്കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയ മുല്ലനേഴിയെ ഔദ്യോഗിക ബഹുമതി നല്‍കാതെയാണ് സംസ്കരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം രണ്ടുതവണ സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള മുല്ലനേഴിക്ക് ഔദ്യോഗിക ബഹുമതിയോടെ വിടനല്കണമെന്ന ആവശ്യം ആരും തന്നെ മുന്നോട്ടുവച്ചില്ല എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
എന്നാല്‍ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ആയ ഗീത ഗോപി ബന്ധപ്പെട്ടവര്‍ക്ക് ഫാക്സ് സന്ദേശം അയച്ചതായും വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അക്കാദമി ഹാളില്‍ വെച്ച് മന്ത്രി ബാലകൃഷ്ണനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് തന്നോട് ആരും ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നാണ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മറുപടി. മുല്ലനേഴിക്ക് ഔദ്യോഗിക ബഹുമതി നല്‍കണമെന്ന ആവശ്യം സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലത്രെ. ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരും ജനപ്രതിനിധികളും ജില്ലാഭരണകൂടവും മുല്ലനേഴിയെ മറന്നെങ്കിലും ആയിരങ്ങളാണ് സാധാരണക്കാരുടെ സാഹിത്യകാരനായ മുല്ലനേഴിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ഇതുതന്നെ വലിയ ബഹുമതിയാണെന്നാണ് മുല്ലനേഴിയെ സ്നേഹിക്കുന്നവര്‍ ആശ്വസിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: