ന്യൂദല്‍ഹി: രാജ്യത്തെ പിടിയിലാഴ്ത്തിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം ആശങ്കാ ജനകമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന നൈരാശ്യം തടയാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാശ്ചാത്യരാജ്യങ്ങളില്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെ ചെറിയൊരു പ്രതിഫലനം മാത്രമാണ് രാജ്യത്തുള്ളത്. തികച്ചും താല്ക്കാലികമായ ഒരു പ്രതിഭാസമാണിതെങ്കിലും നാം ജാഗ്രത പുലര്‍ത്തണം. ദേശീയ വികസന കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന പന്ത്രണ്ടാം പദ്ധതിയില്‍ ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്നുള്ള രാജ്യത്തിന്റെ ലക്ഷ്യം നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ നിലവിലുള്ള സാമ്പത്തിക സ്ഥിതി ആശങ്കയ്ക്ക് ഇട നല്‍കുന്നുണ്ടെങ്കിലും ലക്ഷ്യം നേടുന്നതിനായി അനുകൂല നിലപാടുകള്‍ എല്ലാവരും സ്വീകരിക്കണം. അദ്ദേഹം പറഞ്ഞു.
രാജ്യ പുരോഗതിക്കായി ഒരേ അജണ്ടയോടു കൂടി ഒന്നിച്ച നീങ്ങാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാകണമെന്നും മാന്‍ മോഹന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ലമന്റ്, കോടതി, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും രാജ്യപുരോഗതിക്കായി ഓരോ പൗരനും ഒട്ടേറെക്കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നോക്ക മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നതാവും പന്ത്രണ്ടാം പദ്ധതിയുടെ ലക്ഷ്യം. വ്യസായ സംരഭകര്‍ക്കും, കര്‍ഷകര്‍ക്കും ഗുണകരമാകുന്ന വ്യവസ്ഥകള്‍ പദ്ധതിയിലുണ്ട് പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇതോടൊപ്പം ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഭീകരവാദ ബാധിത സംസ്ഥാനങ്ങളില്‍ പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുമെന്നും ദരിദ്രരുടെ ഉന്നമനത്തിനുള്ള വ്യവസ്ഥകള്‍ പദ്ധതിയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: