മനസ്സുനിറഞ്ഞ്… എല്ലാവരേയും കണ്ട്… പിന്നെ എല്ലാവരേയും ഞെട്ടിച്ച്… മുല്ലനേഴി യാത്രയായി. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് ഉറപ്പിച്ച് ഇത്രക്കേയുള്ളൂ ജീവിതമെന്ന് കാണിച്ചുതന്ന് മുല്ലനേഴി മാഷ് വിടപറഞ്ഞു. ഇനി നമുക്കോര്ക്കാന് തൃശൂരിന്റെ സ്വന്തം ‘മുല്ലന് മാഷുടെ’ കവിതകളും കഥകളും ഗാനങ്ങളും മാത്രം.
വെള്ളിയാഴ്ച രാത്രിവരെ ചിരിച്ചും കവിത ചൊല്ലിയും പ്രസംഗിച്ചും ശാസിച്ചും തങ്ങള്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന തങ്ങളുടെ ‘മുല്ലന് മാഷ്’ യാത്രപോലും പറയാതെ മരണത്തിന്റെ നിശബ്ദതയിലേക്ക് മറഞ്ഞത് വിശ്വസിക്കാന്‍ ഇതുവരെയും ആര്‍ക്കും സാധിച്ചിട്ടില്ല. മാഷ്ടെ സ്വഭാവവും മരണവും ഒരുപോലെയായി. മുല്ലനേഴി എന്ന നീലകണ്ഠന് നമ്പൂതിരി ഏതുസമയത്താണ് കടന്നുവരികയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. എല്ലാം വെട്ടിത്തുറന്ന് പറയും.
അതുപോലെതന്നെയായി മുല്ലനേഴിയുടെ യാത്രയും… എല്ലാം പെട്ടന്നായി… എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനാചരണ ചടങ്ങില്‍ ഏറെനേരം അയ്യപ്പന്റെ കവിതകളെക്കുറിച്ച് സംസാരിച്ച് വീട്ടിലേക്ക് മടങ്ങിയ മുല്ലനേഴി ഇന്നലെ പുലര്‍ച്ചെ അയ്യപ്പന്റെ അടുത്തേക്ക് യാത്രയായി… വെള്ളിയാഴ്ച ഉച്ചക്ക് 12മണിക്ക് സാഹിത്യ അക്കാദമിയില്‍ എത്തിയ മുല്ലനേഴി മടങ്ങിയത് രാത്രി എട്ടുമണിയോടെയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പതിവില്‍ നിന്ന് ഏറെ വ്യത്യസ്തനായി സന്തോഷവാനായി കാണപ്പെട്ടു. ഉച്ച മുതല്‍ അക്കാദമിയിലെത്തിയ സാഹിത്യകാരന്മാരോടും കവികളോടും സുഹൃത്തുക്കളോടും കുശലാന്വേഷണങ്ങള്‍ നടത്തി, പുതിയ തലമുറയിലുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്ന് തന്റെ പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടും ഏറെനേരം ചിലവഴിച്ചു. ഒപ്പം താന്‍ കൊണ്ടുവന്ന പുതിയ രണ്ട് കവിയത്രികളെ സംഘാടകരെക്കൊണ്ട് അവര്‍ക്ക് കവിത അവതരിപ്പിക്കാനുള്ള അവസരവും മുല്ലനേഴി ഒരുക്കിക്കൊടുത്തു.
അവസാനം എ.അയ്യപ്പന്റെ കവിതാസമാഹാരങ്ങള്‍ എഡിറ്റ് ചെയ്ത് വിജേഷ് എടക്കുന്നി പുറത്തിറക്കിയ ‘പൂവിലൂടെ തിരിച്ചു പോകുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചാണ് മുല്ലനേഴി മടങ്ങിയത്. പുസ്തക പ്രകാശന ചടങ്ങിനിടെ പൊതിഞ്ഞുവെച്ചിരുന്ന പുസ്തകം അഴിക്കുന്നതിനിടയില്‍ എല്ലാം തുറക്കട്ടെ എന്ന മുല്ലനേഴിയുടെ ചോദ്യം കേട്ട് ‘താന്‍ നമ്പൂരിയല്ലെടോ, മുഴുവന്‍ തുറക്കേണ്ട’ എന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞപ്പോള്‍ എല്ലാം മറന്ന് ഉറക്കെച്ചിരിച്ച മുല്ലനേഴി ഇന്നലെ വീണ്ടും അക്കാദമിയുടെ അങ്കണത്തിലേക്ക് ചേതനയേറ്റ്ത്തിയപ്പോള് ആര്‍ക്കും കഴിഞ്ഞ ദിവസത്തെ ചടങ്ങ് ഓര്‍ക്കാന്‍ സാധിക്കാത്തതായി. പ്രൊഫ.ടി.ആര്.ഹാരി അധ്യക്ഷനായിരുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.വേണുഗോപാല്‍, സാവിത്രി ലക്ഷ്മണ്, പി.ബാലചന്ദ്രന്, യു.ടി.പ്രേംനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
1948ല്‍ ഒല്ലൂര്‍ അവിണിശേരിയിലെ മുല്ലനേഴിമനയില് ജനിച്ച അദ്ദേഹം, അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കവി, ഗാനരചയിതാവ്, അഭിനേതാവ്, നാടകക്കാരന് എന്നീ നിലകളില്‍ അദ്ദേഹം പിന്നീട് ജീവിതം ജീവിച്ചു തീര്‍ത്തു.
ആഗ്രഹിച്ചതുപോലെ ജീവിതം ജീവിച്ചു തീര്‍ക്കാനാവുക എന്നതാണ് ഒരു മനുഷ്യജന്മത്തിലെ സാഫല്യം. അത് മുല്ലനേഴിക്ക് അവകാശപ്പെട്ടതാണ്. ഇപ്പോള്‍ ഏവരും ആഗ്രഹിക്കുന്ന അനായാസേന മരണവും അദ്ദേഹത്തെ തേടിയെത്തി. മുല്ലനേഴിയുടെ വരികള്‍ മൂളാത്ത മലയാളികളില്ല. ചലച്ചിത്രഗാനം അദ്ദേഹം എഴുതിയതാണെന്നറിയാത്തവരാണേറേയും. പക്ഷെ വരികളുടെ മാധുര്യം മനസ്സുകളില്‍ വര്‍ണം വിതച്ചു.
അറുപത്തിനാലോളം സിനിമകള്‍ക്കായി മുല്ലനേഴി വരികളെഴുതി. ഒരു സിനിമയില്‍ ഒന്നിലേറെ പാട്ടുകള്‍ അദ്ദേഹം എഴുതാറില്ലായിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യന്റുപ്പീ എന്ന സിനിമയ്ക്കായാണ് അദ്ദേഹം പാട്ടെഴുതിയത്. 1970ല്‍ ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം വേഷമിട്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കാലൂന്നിയത്. കേരളസാഹിത്യ അക്കാദമി ഭരണസമിതി അംഗമായിരുന്നു. ലക്ഷ്മിവിജയം എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ഗാനരചന നിര്‍വഹിച്ച അദ്ദേഹം, ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയില്‍ എഴുതിയ, കറുകറുത്തൊരുപെണ്ണാണേ…എന്ന ഗാനത്തോടെയാണ് ജനഹൃദയങ്ങളില്‍ ഇടംനേടിയത്. 1995ലും 2010ലും അദ്ദേഹത്തെ കേരളസാഹിത്യ അക്കാദമി പുരസ്കാരം നല്കി ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഉള്ളൂര്‍ പുരസ്കാരം, ഫിലിം കൃറ്റിക്സ് അവാര്‍ഡ് എന്നിവയും മുല്ലനേഴിയെത്തേടിയെത്തി.
ശ്യാം ആയിരുന്നു ആദ്യമായി അദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണമിട്ടത്. പിന്നീട് കേരളത്തിലെ പ്രശസ്ത സംഗീതജ്ഞരായ ജി.ദേവരാജന്‍, എം.ബി.ശ്രീനിവാസന്, രവീന്ദ്രന്, കെ.രാഘവന്, എ.ടി. ഉമ്മര്‍, ജോണ്സണ്, ജെറി അമല്‍ദേവ്, വിദ്യാധരന് എന്നിവരും അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഈണം പകര്‍ന്നു. പിറവി, ഉപ്പ്, കഴകം, ഈപുഴയും കടന്ന്, നീലത്താരമ, സ്നേഹവീട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ അദ്ദേഹം ചെയ്തു.
അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് അതിവിപുലമായിരുന്നു. സൗഹൃദങ്ങള്‍ അദ്ദേഹത്തിന്റെ ആഘോഷവേളകളായി. മുല്ലനേഴിയിലെ നിഷേധി പലരുടേയും നെറ്റിചുളിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാന്യതയുടെ പൊയ്മുഖമണിഞ്ഞവര്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തി. എന്നാല്‍ അതിന് അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നില്ല. തോളില്‍ തുണിസഞ്ചിയുമായി അദ്ദേഹം അലച്ചില്‍ തുടര്‍ന്നു, മനസ്സില്‍ സ്നേഹവും പൊതിഞ്ഞു സൂക്ഷിച്ച്.
അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം അത് നിര്‍ലോഭം പകുത്തു നല്കി. തോളില്‍ സഞ്ചിയുമായി നടന്നു നീങ്ങുന്ന ഉയരം കുറഞ്ഞ തൃശൂരിന്റെ മുല്ലന്മാഷ് ഇനി വീഥികളില്‍ ഉണ്ടാവില്ല; ഓര്‍മകളുടെ അമരത്ത് അദ്ദേഹം നിറഞ്ഞുനില്ക്കും.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: