സമസ്ത മേഖലകളിലും ഒരുപോലെ പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന അനുഗൃഹീതനായ കലാകാരനായിരുന്നു മുല്ലനേഴി. എല്ലാവരോടും ഒരുപോലെ ഇടപഴകാനും പ്രശസ്തിയുടെ നാട്യമുദ്രയേതുമില്ലാത്ത കുട്ടേട്ടന് എന്ന് അടുപ്പക്കാര്‍ വിളിച്ചിരുന്ന നീലകണ്ഠന് മാഷ് അരങ്ങില്‍നിന്നും മാഞ്ഞത് പൊടുന്നനെയായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ തിലകക്കുറിയായിരുന്ന അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലെ ‘ചെറുമി’ എന്ന കഥാപാത്രത്തിന് മിഴിവേകിയത് എക്കാലത്തും തെളിഞ്ഞുനില്ക്കും. തൃശൂരിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപകനായിരുന്നു. ശിഷ്യന്മാര്ക്ക് എന്നും മറക്കാനാവാത്ത അധ്യാപകരില്‍ ഒരാളാണ്. സരസമായ പ്രസംഗത്തിലൂടെ സദസ്സിനെ കയ്യിലെടുക്കാനും അനാദൃശ്യമായ കഴിവ് മുല്ലനേഴിക്ക് സ്വന്തം.
സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ ശ്രീനിവാസന് അഭിനയിച്ച ‘പ്രണയവല്ലി പൂത്തുലഞ്ഞു…’ വ്യത്യസ്തമായ അനുഭൂതി ഉളവാക്കുന്ന മുല്ലന്റെ കവിതയായിരുന്നു. തലസ്ഥാനം എന്ന ഗദ്യകവിതയും എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടിയും ആഴമാര്‍ന്ന ദിശാബോധമുള്ള കൃതിയാണ്. സത്യന് അന്തിക്കാടിന്റെ സന്തതസഹചാരികള്‍ മണ്മറഞ്ഞപ്പോള് മുത്തശ്ശന്റെ റോളില്‍ സ്നേഹവീട്ടിലേക്ക് ക്ഷണിച്ചത് ഓര്‍മയില്‍ നിറഞ്ഞുനില്ക്കത്തക്കതുതന്നെ.
അങ്കമാലിയില്‍വച്ച് ചേര്‍ന്ന വിടി അനുസ്മരണത്തില്‍ പ്രേംജിയും ഇഎംഎസും ഐസിപിയും മുന്നില്‍ ഇരിക്കവെ മുല്ലന്റെ പ്രസംഗത്തില്‍ വിടി തനിക്ക് ലഹരിയായിരുന്നു എന്ന് തട്ടിവിട്ടപ്പോള്‍ സദസ് കുലുങ്ങിച്ചിരിച്ചു. നമ്പൂരിഫലിതത്തിന്റെ വെടിവട്ടമായി തുടര്‍ന്നു. ഞാന്‍ ഇടക്ക് ലഹരി കടമെടുക്കാറുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ക്കും മുല്ലനേഴി അന്യനായിരുന്നില്ല. കവി എന്ന നിലയില്‍ ഏവര്‍ക്കും പ്രിയങ്കരന്തന്നെയാണ്.
മുല്ലനേഴി മനയില്‍ ഇടപെടാന്‍ കൊള്ളാവുന്നവരില്‍ ഒരാള്‍ മുല്ലന് മാഷ് തന്നെ. പൂരപ്പറമ്പുകളില്‍ തൂവര്ത്തുമുണ്ടും തലയില്‍ കെട്ടി പാണ്ടിമേള ആസ്വാദകരുടെ കൂട്ടത്തില്‍ കണ്ടിരുന്ന നീലകണ്ഠന് മുല്ലനേഴി ഇനി ഓര്‍മയായി; കലയുടെ നീലത്തിളക്കത്തെ ഇല്ലപ്പറമ്പിലെ തെക്കേവളപ്പില്നിന്ന് പിതാമഹന്മാരുടെ സമീപത്തേക്ക് യാത്രയായി. അഗ്നി ഏറ്റുവാങ്ങിയ ശരീരത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: