മുംബൈ: ആശുപത്രി അധികൃതരുടെ പീഡനത്തില്‍ പ്രതിഷേധിച്ച് മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നഴ്സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. യാതരു ഉപാധികളുമില്ലാതെ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇവിടെ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശി ബീനാ ബേബിയെ മരിച്ച നിലയില്‍ കണ്ടതാണ് സമരത്തിന് കാരണമായത്. മാനേജ്മെന്റിന്റെ പീഡനമാണ് ബീന ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. അമിത ജോലിഭാരം, ജോലി വിട്ടു പോയാല്‍ 50,000 രൂപ നല്‍കണമെന്ന ബോണ്ട് വ്യവസ്ഥ തുടങ്ങിയവ നഴ്സുമാരുടെ തൊഴിലിനും ജീവിതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവര്‍ ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്. കുടിശിഖ നല്കാനുള്ളവര്ക്ക് നല്‍കുമെന്നും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആശുപത്രി അധികൃതര്‍ ഉറപ്പ് നല്കി.
ബോണ്ട് സംവിധാനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സമരം നടത്തുന്നവര്‍ ഇനിയും ജോലി ചെയ്യണമെങ്കില്‍ 10,000 രൂപ നിക്ഷേപമായി നല്‍കണമെന്നും മാസം തോറും ശമ്പളത്തില്‍ നിന്ന് 1000 രൂപ പിടിക്കുമെന്നുമാണ് മാനേജ്മെന്റ് നിലപാട്. സമരത്തിലുള്ള 192 നേഴ്സുമാരും രാജിവെക്കാനിടയുള്ളതുകൊണ്ടാണ് മാനേജ്മെന്റിന്റെ ഈ നിലപാടിന് വഴങ്ങിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: