ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട താഴികക്കുടത്തിന്റെ കൂമ്പ് ക്ഷേത്രത്തിന് സമീപത്തുള്ള വീടിനു മുന്നില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് താഴികക്കുടത്തിന്റെ ‘ഇറിഡിയം’ സാന്നിധ്യമുള്ള കൂമ്പ് ഒടിച്ചു കൊണ്ടുപോയതായി അറിഞ്ഞത്.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചിത്രത്തൂര് മഠത്തിലെ ശക്തികുമാര്‍ ഭട്ടതിരിയുടെ വീടിന്റെ പൂട്ടിയ ഗേറ്റിനു മധ്യഭാഗത്ത് അകത്തായി നാട്ടിവെച്ച നിലയിലാണ് താഴികക്കുടത്തിന്റെ കൂമ്പ് കണ്ടെത്തിയത്. കോടിയാട്ടുകര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയായ ശക്തികുമാര്‍ പുലര്‍ച്ചെ പൂജയ്ക്ക് ക്ഷേത്രത്തിലേക്കു പോകാനായി വീടുതുറന്ന് പുറത്തിറങ്ങിയപ്പോഴാണ് താഴികക്കുടത്തില്‍ നിന്നും മോഷണം പോയ കൂമ്പ് കണ്ടത്.
കോടികള്‍ വിലമതിക്കുന്ന അമൂല്യ ലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്നു കരുതുന്ന താഴികക്കുടം കവര്‍ച്ചക്കാര്‍ നോട്ടമിട്ടിരുന്നതാണ്. പ്രാദേശിക സഹായം മോഷ്ടാക്കള്‍ക്ക് ലഭിച്ചിരിക്കുമെന്നാണ് പോലീസ് നിഗമനം. ക്ഷേത്രത്തിനു നൂറുവാരെ അകലെ ക്ഷേത്ര ഊരാഴ്മക്കാരില്‍ ഒരാളുടെ വീടിനു മുന്നിലാണ് മോഷ്ടിച്ച ഭാഗം കൊണ്ടിട്ടത്. സ്ഥലവാസികളില്‍ ചിലരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: