തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രഭണ്ഡാരത്തിലെ വരുമാനത്തില്‍ മുന്‍ മാസത്തേക്കാള്‍ ഒരുകോടിയിലേറെ രൂപയും രണ്ട് കിലോ സ്വര്‍ണത്തിന്റെയും കുറവ്. കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ 3,79,23,336 രൂപയും നാല് കിലോ എഴുന്നൂറ്റി നാല്‍പത്തിരണ്ട് ഗ്രാം സ്വര്‍ണവും ഭണ്ഡാര വരവിലൂടെ ലഭിച്ചെങ്കില്‍ ഇത്തവണ ഇത് 2,43,67,901രൂപയും രണ്ട്കിലോ നാനൂറ്റി എഴുപത്തിനാല് ഗ്രാം സ്വര്‍ണവുമാണ് ലഭിച്ചത്. 1,35,55,435 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ പതിനാറ് ലക്ഷത്തിലധികം രൂപയുടേയും രണ്ട് കിലോ സ്വര്‍ണത്തിന്റേയും കുറവുണ്ടായി.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളെ സുരക്ഷയുടെ പേരില്‍ ദേഹപരിശോധന നടത്തുകയും കാണിക്കയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്ന പണംപോലും കടത്താന്‍ സാധിക്കാതെ പുറത്തുവെക്കേണ്ട സംഭവങ്ങളും ഉണ്ടായിരുന്നു. ഇതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ ഇത്രയേറെ കുറവ് സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. ക്ഷേത്രത്തിന്റെ ഭണ്ഡാര വരവിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓരോ മാസം ചെല്ലും തോറും വരുമാനം കൂടി വരികയാണ് പതിവ്. എന്നാല്‍ ഉന്നത പോലീസ് അധികാരികളുടെ അനാവശ്യ ഇടപെടലുകളാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ ആശങ്കയിലാക്കിയത്.
തങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാന്‍ കൊണ്ടുവരുന്ന കാണിക്ക സുരക്ഷയുടെ പേരില്‍ വാങ്ങുകയും പേഴ്സ്പോലും കടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെന്നൈയില്‍ നിന്നും അല്‍ഖ്വയ്ദയുടെ പേരില്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയിരുന്നത്. പോലീസ് നടത്തുന്ന ദേഹ പരിശോധന പലപ്പോഴും അതിരുകടന്നിരുന്നു. സ്ത്രീകളേയും മറ്റും അപമാനിക്കുന്ന തരത്തിലാണ് അധികാരികള്‍ പരിശോധന നടത്തിയിരുന്നത്.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ പോലും അഹിന്ദുക്കളായ പോലീസുകാര്‍ വാങ്ങി പരിശോധിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഹൈന്ദവ ആരാധനാലയത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും അനാവശ്യമായി ഇടപെടുന്നതാണ് ഭക്തരുടെ വരവ് ക്ഷേത്രത്തില്‍ കുറയുവാനും വരുമാനത്തില്‍ ഒരുകോടിയിലേറെ രൂപ കുറയാനും ഇടയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: