കൊച്ചി: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് നിന്നാരംഭിച്ച കേരളയാത്ര ജില്ലയില്‍ ഇന്ന് എത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി അറിയിച്ചു. 21-നു വൈകീട്ട് ജില്ലയിലെത്തുന്ന കേരളയാത്രക്കു നല്കുന്ന സ്വീകരണം മൂത്തകുന്നത്ത് വി.ഡി.സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊതുകുജന്യരോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ബഹുജനപങ്കാളിത്തമുറപ്പാക്കുന്നതിനും ഇവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമാണ് കേരളയാത്ര. 22, 23 തീയതികളിലാണ് ജില്ലയില്‍ വാഹനജാഥയുടെ പര്യടനം.
22 ന് രാവിലെ ഒമ്പതിനു മൂത്തകുന്നത്ത് ജില്ലാതല ഉദ്ഘാടനത്തോടെ പര്യടനത്തിനു തുടക്കം കുറിക്കും. 11.30 -നു മാലിപ്പുറത്തെത്തുന്ന സംഘം 12.30 വരെ അവിടെ വിവിധ ബോധവല്കരണ പരിപാടികള്‍ നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് കുമ്പളങ്ങി, 3.30 ന് നെട്ടൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട് അഞ്ചിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ആദ്യദിന പര്യടനം സമാപിക്കും.
23 ന് രാവിലെ ആലുവയില്‍ നിന്ന് തുടങ്ങുന്ന പര്യടനം 10.30 ന് വാഴക്കുളം, 12 ന് കോലഞ്ചേരി, 2.30 ന് കോതമംഗലം, 4.30 ന് മൂവാറ്റുപുഴ എന്നിവടങ്ങളില്‍ എത്തും. ജില്ലയിലെ പര്യടനത്തിന്റെ സമാപന യോഗവും മൂവാറ്റുപുഴയിലാണ് നടക്കുക. തുടര്‍ന്ന് സംഘം ഇടുക്കിയിലേക്ക് പോകും.
പര്യടന വാഹനത്തില്‍ ബോധവല്‍ക്കരണ സന്ദേശമുള്‍ക്കൊളളുന്ന ദൃശ്യാവിഷ്കാരമുണ്ടാകും. ഓരോ പ്രദേശത്തും നാടന്‍ കലാരൂപങ്ങളുടെ അവതരണം, ഓട്ടംതുളളല്‍, ആരോഗ്യവിദ്യാഭ്യാസ ക്ലാസ്, റാലി, ഘോഷയാത്ര, എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: