വൈറ്റില: കെഎസ്ആര്‍ടിസിക്കു പിന്നാലെ സ്വകാര്യ ബസ്സുകാരും ഇടഞ്ഞുതുടങ്ങിയതോടെ വൈറ്റില മൊബിലിറ്റിഹബില് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസിയാണ് തുടക്കത്തില്‍ നിസ്സഹകരണം പ്രഖ്യാപിച്ചത് രാത്രി 8 മണിക്കുശേഷമുള്ള ദീര്‍ഘദൂര ദൂരസര്വ്വീസുകളുടെ ബസ്സ്റ്റാന്റ് പ്രവേശനത്തോടാണ് സര്‍ക്കാര്‍ വകുപ്പുതന്നെ ആദ്യം മുഖം തിരിച്ചത്. വിഷയം പലവട്ടം ഉദ്യോഗസ്ഥതലങ്ങളിലും മറ്റും ചര്‍ച്ചനടത്തിയെങ്കിലും നഷ്ടകണക്കുകള്‍ നിരത്തികോര്പറേഷന് ഇതിനെതിരെ പ്രതികൂലനിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്.
കെഎസ്ആര്‍ടിസിയുടെ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടയിലാണ് മൊബിലിറ്റി ഹബിനോട് ഇപ്പോള്‍ സ്വകാര്യ ദീര്‍ഘദൂര ബസ്സുകളും നിസ്സഹകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ബസ് സ്റ്റാന്റില്‍ രാത്രിയില്‍ നിര്‍ത്തിയിടുന്ന ബസ്സിലെ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സ്വകാര്യബസ്സുകാര്‍ ഹബ് അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുന്നത്. രാത്രിയിലെ ട്രിപ്പ് ഹബില്‍ അവസാനിക്കുന്ന ബസ്സുകള്‍ ഇവിടെതന്നെ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഈ സര്‍വീസുകളിലെ ഡ്രൈവറും, കണ്ടക്ടര്‍മാരും ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് കുളിക്കുവാനും മറ്റു പ്രാഥമിക സൗകര്യങ്ങള്‍ക്കും തുടക്കത്തില്‍ ബസ്റ്റാന്റിലെ കുളിമുറികളും, കക്കുസും ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവ വൃത്തിയായി സൂക്ഷിക്കുവാന്‍ ജീവനക്കാര്‍ സഹകരിക്കുന്നില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് കുളിമുറിയും മറ്റും ഉപയോഗിക്കുന്നതില്‍നിന്നും ബസ് ജീവനക്കാരെ ചൊവ്വാഴ്ച രാത്രി ഹബ് അധികൃതര്‍ വിലക്കിയത്.
ബസ്സ്റ്റാന്റില് തങ്ങേണ്ടിവരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യം ഒരുക്കിയില്ലെങ്കില്‍ തങ്ങളും തുടര്‍ന്ന് മൊബിലിറ്റി ഹബുമായി സഹകരിക്കില്ലെന്ന് ഇന്നലെ രാത്രി സ്വകാര്യബസ് ജീവനക്കാര്‍ പ്രഖ്യാപിച്ചു. കുളിമുറികളില്‍ മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നതും, മാലിനമാക്കുന്നതും തങ്ങളല്ലെന്നും അവര്‍ പറയുന്നു. അതീവ ഗൗരവമായി കണ്ട് തങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബസ്സുകള്‍ വൈറ്റില സ്റ്റാന്റില്‍ കയറ്റാതെ സര്‍വീസ് നടത്തുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നുമാണ് സ്വകാര്യ ബസ്സുകള്‍ മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്.
ഇതിനിടെ ബസ്സ്റ്റാന്റില് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഹബില്‍ നടപടികള്‍ ആരംഭിച്ചു. 480 ചതുരശ്ര അടിയില്‍ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസും, പുതിയ കണ്ട്രോളിംഗ് ഓഫീസും നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. രണ്ടു ദിവസത്തിനകം ഇത് പ്രവര്‍ത്തന സജ്ജമാവുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ബസ്സ്റ്റാന്റില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹബ് അധികൃതര്‍ മുന്തിയ പരിഗണനയാണ് നല്കി വരുന്നത്. ഓരോമണിക്കുര് ഇടവിട്ടും കക്കൂസും, മൂത്രപ്പുരകളും കഴുകി വൃത്തിയാക്കും. പ്ലാറ്റ്ഫോമുകളും, തറകളും മറ്റും ശുചീകരിക്കാന്‍ രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ സജീവമായി രംഗത്തുണ്ട്. ടോയ്ലറ്റുകളും മറ്റും ഉപയോഗിക്കുന്നവരുടേയും, യാത്രക്കാരുടെയും സഹകരണം അത്ര മെച്ചമല്ല എന്ന പരാതിയാണ് ഹബ് അധികൃതര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: