തിരുവനന്തപുരം: രാധാകൃഷ്ണപിള്ളയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് പറഞ്ഞു. കോഴിക്കോട് ചട്ടം ലംഘിച്ച് രാധാകൃഷ്ണപിള്ള വെടിവച്ചത് മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോഴിക്കോട് രണ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് കോളേജില്‍ അന്വേഷിച്ചില്ല. രാധാകൃഷ്ണപിള്ള ആരെയോ സഹായിച്ചുവെന്നാണ് ഈ കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ക്രിമിനലുകളെ സഹായിക്കുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.
സംഭവം നടന്നിട്ട് പതിനഞ്ചുവര്ഷമായെന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്. ഇടമലയാര്‍ കേസിന് വേണ്ടി ഇരുപതുവര്‍ഷമാണ് കോടതി കയറിയിറങ്ങിയതും ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതും. വര്‍ഷം എത്രയായാലും കേസ് തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെയും വ്യക്തിപരമായി ആക്രമിക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും അഴിമതി കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: