തൊള്ളായിരത്തി അറുപതുകളില്‍ മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വത്തിന്റെ കലാപം ഉയര്‍ത്തിയ നിഷേധികളുടെ കൂട്ടത്തിനു മുന്നില്‍ നിന്ന് കൊടിപിടിച്ചയാളായിരുന്നു ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടനെന്ന കാക്കനാടന്. മലയാളത്തില്‍ അതുവരെ നിലവിലുണ്ടായിരുന്ന സാഹിത്യത്തിന്റെ എഴുത്തു സങ്കല്പങ്ങളെ അട്ടിമറിക്കാനാണ് ഒരു പറ്റം ചെറുപ്പക്കാര്‍ രംഗത്തു വന്നത്. നിലവിലുള്ള ശൈലികളെ നിരാകരിച്ചവരെ നിഷേധികളെന്നു വിളിച്ചു. അവരുടെ മുന്നില്‍ കൊടിപിടിച്ചു നയിച്ചതു കാക്കനാടനായിരുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയും ശൂന്യതയെയും വാഴ്ത്തിക്കൊണ്ട് മനസ്സിനുമേല്‍ മൃത്യുബോധത്തെ പ്രതിഷ്ഠിക്കുന്ന ദര്‍ശനമെന്ന് പലരും കാക്കനാടന്റെയും ഒപ്പമുള്ളവരുടെയും എഴുത്തിനെ വിമര്‍ശിച്ചിട്ടുണ്ട്.
ചിത്രകലയിലും കവിതയിലുമായിരുന്നു ആധുനികത എന്ന് നിരൂപകര്‍ വിളിച്ച എഴുത്തു ശൈലി ആദ്യം ആരംഭിച്ചത്. അതു പിന്നെ കഥയിലേക്കും നോവലിലേക്കും കടക്കുകയായിരുന്നു. കാക്കനാടനും എം.പി.നാരായണപിള്ളയും എം.മുകുന്ദനുമാണ് സ്വന്തം രചനകളില്‍ ‘ആധുനികത’ ആദ്യം കലര്‍ത്തിയത്. പക്ഷെ, വ്യത്യസ്ഥമായ അനുഭവങ്ങളുടെ വാതായനങ്ങളാണ് കാക്കനാടന് തുറന്നു വച്ചത്. മലയാള നോവല്‍ സാഹിത്യത്തില്‍ ദാര്‍ശനിക ദുഃഖവും ദാര്‍ശനിക വ്യഥകളും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ മടുപ്പും നൈരാശ്യവും ബാധിച്ച കഥാപാത്രങ്ങളെ കാക്കനാടന്റെ കഥകളില്‍ വായനക്കാരന് കണ്ടുമുട്ടി. വേശ്യകളും കൂട്ടിക്കൊടുപ്പുകാരും മദ്യപാനികളും എല്ലാവരും ചേര്‍ന്ന വ്യത്യസ്ഥമായൊരു ലോകമാണ് അവര്‍ കാട്ടിത്തന്നത്.
വ്യവസ്ഥാപിതമായ മൂല്യസങ്കല്പങ്ങളെയും സദാചാര വിചാരങ്ങളെയും അട്ടിമറിക്കുന്നതായിരുന്നു കാക്കനാടന്റെ കഥകള്‍. എഴുത്തിലൂടെ അദ്ദേഹമുയര്‍ത്തിയ കലാപത്തില്‍ വ്യവസ്ഥാപിത വിചാരങ്ങളെല്ലാം തകര്‍ന്നു വീണു. കാക്കനാടന്റെ എഴുത്തില്‍ ക്ഷുഭിത വീര്യം നിറഞ്ഞു നിന്നു. അതെല്ലാം സ്വീകരിക്കാന്‍ മനസ്സിനെ ചാട്ടുളിപോലെ മൂര്‍ച്ചപ്പെടുത്തി ജീവിതത്തെ കൊണ്ടു നടന്നിരുന്ന വലിയൊരു സമൂഹവുമുണ്ടായിരുന്നു. ആദ്യമൊക്കെ അദ്ദേഹത്തിന്റെ എഴുത്തില്‍നിന്ന് അകന്നു നടന്നവര്ക്കുപോലും പിന്നീട് അതിനൊപ്പം ചേരാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത നിലയിലെത്തി. മലയാളി വായനക്കാരനെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത വായനയുടെ അനുഭൂതിയിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
നിരൂപകരും മാധ്യമങ്ങളും ആധുനികതയുടെ വക്താവെന്ന് വിളിച്ചപ്പോള്‍ അതംഗീകരിക്കാന്‍ കാക്കനാടന് തയ്യാറായിരുന്നില്ല. ആധുനിക സാഹിത്യമെന്നും ആധുനികമല്ലാത്ത സാഹിത്യമെന്നും വേര്‍തിരിക്കുന്നതില്‍ അര്ത്ഥമൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നും നല്ല സാഹിത്യവും ചീത്ത സാഹിത്യവുമേയുള്ളു. പാരമ്പര്യം മനസ്സിലാക്കാതെ അതിന്റെ പുറംതോടിനെ മാത്രം അനുകരിക്കുന്ന രീതിയുണ്ട്. എന്നാല്‍ പാരമ്പര്യത്തെ മനസ്സിലാക്കി രൂപത്തിലും ഭാവത്തിലും പുതുമ വരുത്തുന്നതിലാണ് താന്‍ ശ്രദ്ധിക്കുന്നത്. അത്തരം എഴുത്തിന്റെ പക്ഷത്താണ് താനെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
കാക്കനാടന്റെ പിതാവ് ജോര്ജ്ജ്കാക്കനാടന് ജന്മനാ റിബലായിരുന്നു. ആദ്യം കത്തോലിക്കാ സഭയിലായിരുന്ന അദ്ദേഹം കത്തോലിക്കാസഭയുമായി പിണങ്ങി സഭവിട്ടു. പിന്നീട് മാര്‍ത്തോമാസഭയില്‍ ചേര്‍ന്ന് മിഷനറിയായി പ്രവര്‍ത്തിച്ചു. പിന്നീട് ഗാന്ധിയനും കമ്യൂണിസ്റ്റുകാരനുമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലത്ത് സ്വന്തം വീട്ടില്‍ പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അദ്ദേഹം അഭയം നല്കി. എന്നാല്‍ കമ്യൂണിസത്തോട് ഇഴുകിച്ചേരാന്‍ കാക്കനാടനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടായപ്പോള്‍ ആദര്‍ശങ്ങളിലും ആത്മാര്‍ത്ഥതയിലും അവര്‍ വെള്ളം ചേര്‍ത്തത് കാക്കനാടനെപ്പോലുള്ളവര്ക്ക് സഹിക്കാനാകുന്നതായിരുന്നില്ല. ഉഷ്ണമേഖല എന്ന നോവലില്‍ ഇത്തരം വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.
‘ഉഷ്ണമേഖല’ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ അപചയത്തെ അത്രകണ്ട് നോവല്‍ വിമര്‍ശിക്കുന്നുണ്ടായിരുന്നു. ഇതോടെ കാക്കനാടന് കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന പേരുറച്ചു. എന്നാല്‍ വിമര്‍ശകരെ ഫലപ്രദമായി നേരിടാന്‍ കാക്കനാടന് കഴിഞ്ഞു. പ്രസ്ഥാനക്കാര്‍ പറയുന്ന പോലുള്ള കമ്മ്യൂണിസം തനിക്കു വഴങ്ങുകയില്ലെന്നു അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞതും കമ്യൂണിസ്റ്റു നേതാക്കളെ ചൊടിപ്പിച്ചു. മൂല്യങ്ങളൊക്കെ തകര്‍ന്നടിഞ്ഞ ഒരു ലോകത്ത് ജീവിക്കുമ്പോഴും ഭാരതീയമായ ഒരാത്മതേജസ് കാക്കനാടന് എന്ന എഴുത്തുകാരന് ഉള്ളില്‍ സൂക്ഷിച്ചിരുന്നു.
ക്രിസ്തീയ വിശ്വാസങ്ങളുടെ അടിത്തറയെ ചോദ്യം ചെയ്ത് 1963ല്‍ എഴുതിയ നോവലാണ് ‘ഏഴാംമുദ്ര’. പാപത്തിന്റെ ശമ്പളം മരണമാണെന്ന് നോവലിന്റെ ഒടുവില്‍ എഴുത്തുകാരന് പ്രഖ്യാപിക്കുന്നു. ആ നോവലുണ്ടാക്കിയ കോലാഹലവും വളരെ വലുതായിരുന്നു. ‘അന്ത്യക്രിസ്തു വന്നില്ലെങ്കില്‍’ എന്നതായിരുന്നു ‘എഴാംമുദ്ര’യിലെ ചോദ്യം. ക്രിസ്തീയ സഭകള്‍ നോവലിനെതിരെ രംഗത്തു വന്നു. വിമര്‍ശനങ്ങള്‍ അധികമായി ഉയര്‍ന്നപ്പോള്‍ താന്‍ ബൈബിളിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നായിരുന്നു കാക്കനാടന്റെ വാദം.
1969ലാണ് കാക്കനാടന്റെ ‘ഉഷ്ണമേഖല’യും എം.മുകുന്ദന്റെ ‘ദല്‍ഹി’യും ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ മൂന്നു നോവലുകളിലും ദാര്‍ശനിക ദുഃഖത്തിന്റെ മൂന്ന് ഭാവങ്ങളാണ് വായനക്കാരനെ അനുഭവിപ്പിച്ചത്.
അറുപതുകളുടെ ആദ്യവര്‍ഷങ്ങളിലാണ് കാക്കനാടന് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ ശ്രദ്ധേയങ്ങളായ കഥകള്‍ എഴുതിത്തുടങ്ങിയത്. ‘കാലപ്പഴക്കം’ എന്ന കഥയാണ് മാതൃഭൂമിയില്‍ ആദ്യം വന്നത്. പിന്നീട് നിരവധി കഥകളെഴുതി. 1969 ആയപ്പോഴേയ്ക്കും ‘സാക്ഷി’, ‘വസൂരി’, ‘ഉഷ്ണമേഖല’ എന്നീ മികച്ച നോവലുകളെഴുതി സാഹിത്യത്തിലെ തന്റെ സ്ഥാനം കാക്കനാടന് ഉറപ്പിച്ചു. ‘വസൂരി’യാണ് കാക്കനാടന് ആദ്യമെഴുതിയ നോവല്‍. ദല്‍ഹിയില്‍ താമസിക്കുന്ന കാലത്താണ് നോവല്‍ രചന നടത്തുന്നത്. പിതാവ് മരിച്ചതറിഞ്ഞ് നാട്ടിലെത്തിയ കാക്കനാടനെ ചിക്കന്‍പൊക്സ് പിടികൂടി. അതിന് ചികില്‍സയുമായി ഇരിക്കുന്നകാലത്താണ് ‘വസൂരി’യുടെ പ്രമേയം മനസിലേക്കെത്തിയത്. ശിഥിലമാകുന്ന മനുഷ്യ ബന്ധങ്ങളേയും വിലയില്ലാതായ മൂല്യങ്ങളെയും കുറിച്ചാണ് വസൂരി പറഞ്ഞത്. ‘വസൂരി’യും ‘സാക്ഷി’യും മലയാളത്തിലെ യാഥാസ്ഥിതിക വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തിയ രചനകളായിരുന്നു. വിമര്‍ശകര്‍ രൂക്ഷമായ ഭാഷയിലാണ് കാക്കനാടന്റെ കൃതികളെ വിമര്‍ശിച്ചത്. എന്നാല്‍ പുതിയ വായനക്കാര്‍ ആ രചനകളുടെ പിന്നിലെ കരുത്തും സൗന്ദര്യവും ലഹരിയാക്കി.
മരണത്തിനു പിന്നിലെ ആത്മീയതയെ അന്വേഷിക്കുകയായിരുന്നു ‘ഒറോത’ എന്ന നോവലില്‍. പഴങ്കഥകളില്‍ നിന്നു മിത്തുകളെ സ്വീകരിച്ചാണ് ആ നോവല്‍ അദ്ദേഹം സാധ്യമാക്കിയത്. മരണം ജീവിതത്തിന്റെ തുടര്‍ച്ചയാണെന്നായിരുന്നു കാക്കനാടന് എന്നും പറഞ്ഞിരുന്നത്. ദില്ലി ജീവിതത്തിലിരുന്ന് കഥകള്‍ രചിച്ച അദ്ദേഹം കൊല്ലത്തു വന്നശേഷം കൊല്ലത്തെ കഥാപാത്രമാക്കിയും നോവല്‍ രചിച്ചു. ‘കമ്പോളം’ എന്ന നോവലില്‍ കൊല്ലം നഗരത്തിന്റെ പ്രതിഫലനമാണുള്ളത്.
നിരൂപകര്‍ക്ക് കാക്കനാടന് എന്നും ഇരയായിരുന്നു. അദ്ദേഹത്തിന്റെ രചനകളെ കീറിമുറിക്കാന്‍ അവര്‍ ചുറ്റും കൂടി നിന്നു. കാക്കനാടന്റെ രചനകള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതാണെന്നായിരുന്നു പ്രധാന ആരോപണം. ലൈംഗികതയ്ക്കും അരാചകത്വത്തിനും അദ്ദേഹം അമിത പ്രാധാന്യം നല്കുന്നു എന്നതായിരുന്നു അവരെല്ലാം ചൂണ്ടിക്കാട്ടിയത്. കാക്കനാടന്റെ രചനകളില്‍ ലൈംഗികത സൗന്ദര്യമായി കടന്നു വരുന്നു. ജീവിതത്തിന്റെ ഉൗര്‍ജ്ജം ജന്മസിദ്ധമായ കാമനകളാണെന്ന് വിമര്‍ശകര്‍ക്കു മുന്നില്‍ കാക്കനാടന് മറുപടി നല്കി. കാക്കനാടന്റെ കഥകളില്‍ കാണുന്ന ലൈംഗികത അശ്ലീലമായി വായനക്കാരനെ ഇക്കിളിപ്പെടുത്തുന്നില്ല, പകരം ചിന്തിപ്പിക്കുകയാണ് ചെയ്യുന്നത്.
നിരൂപകര്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്നപ്പോഴും കാക്കനാടന് എഴുതിക്കൊണ്ടിരുന്നു. 35 നോവലുകള്‍. പതിനാറോളം ചെറുകഥാ സമാഹാരങ്ങള്‍. രണ്ടു യാത്രക്കുറിപ്പുകള്‍. നിരൂപകര്‍ പുറം തിരിഞ്ഞു നിന്നപ്പോഴും വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് ആദരവും സ്നേഹവും പ്രകടിപ്പിച്ചു. സമൂഹത്തോട് എഴുത്തുകാരന് പ്രത്യേകമായി ഉത്തരവാദിത്വങ്ങളൊന്നുമില്ലെന്ന് കാക്കനാടന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വായനക്കാരും പൊതുസമൂഹവും അദ്ദേഹത്തെ സ്നേഹിച്ചു. എഴുത്തുകാരനായ അദ്ദേഹത്തോട് വായനക്കാരനുള്ള ഉത്തരവാദിത്വം നിറവേറ്റി. കാക്കനാടന്റെ അറുപതാം ജന്മദിനത്തില് സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുത്തു. തനിക്കാരോടും ഉത്തരവാദിത്വമില്ലെന്ന് എഴുത്തുകാരന് തുറന്നു പ്രഖ്യാപിച്ചപ്പോഴും വായനക്കാര്‍ തിരിച്ചറിയുകയായിരുന്നു, അദ്ദേഹം എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയെന്ന്. ഒടുവില്‍ പുറം തിരിഞ്ഞു നടന്ന നിരൂപകര്‍ക്കും അദ്ദേഹത്തെ അംഗീകരിക്കേണ്ടി വന്നു.
കാക്കനാടന് കടന്നു പോകുമ്പോള്‍ അവസാന നോവല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല. ‘ക്ഷത്രിയന്’ എന്ന നോവലിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍ രാജാവിന്റെ പടനായകന്റെ കുടുംബമായിരുന്നു തന്റേതെന്നാണ് കാക്കനാടന് വിശ്വസിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട കഥയായിരുന്നു ക്ഷത്രിയനില്‍ പറയാന്‍ കരുതി വച്ചിരുന്നത്. പറഞ്ഞ കഥകളും പറയാത്ത കഥകളും വായനക്കാരനു നല്കി കാക്കനാടന് കഥാവശേഷനാകുമ്പോള്‍ മലയാളം എക്കാലവും അദ്ദേഹത്തെ വായിച്ചുകൊണ്ടേയിരിക്കും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: