ബാലവേലയ്‌ക്ക് കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 18 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയും ട്രെയിനില്‍നിന്ന് ആലപ്പുഴയില്‍വച്ച് രക്ഷിച്ചുവെന്നും ഇവരെ ബാലവേലക്കെത്തിച്ച ഏജന്റുമാരെ അറസ്റ്റ് ചെയ്തുവെന്നുമുള്ള വാര്‍ത്ത കേട്ട് കേരളം ഞെട്ടിയിരിക്കില്ല. കാരണം ഇവിടെ ബാലവേലയ്‌ക്കായി അന്യനാട്ടില്‍നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. ഇവര്‍ വരുന്നത് ഫാക്ടറികളിലും ഹോട്ടലുകളിലും ജോലി ചെയ്യാന്‍ മാത്രമല്ല, മറിച്ച് വീടുകളില്‍ അടുക്കള ജോലി ചെയ്യാനും കൂടിയാണ്. മധ്യവര്‍ഗ വിഭാഗത്തില്‍ വീട്ടമ്മമാര്‍ ഓഫീസ് ജോലിക്കാരായി മാറിയപ്പോള്‍ അടുക്കള ജോലിക്കും പുറംജോലിക്കും ഒരാളെ നിര്‍ത്തുക ഇന്ന് ജീവിതശൈലിയാണ്. കേരളത്തില്‍നിന്നും ഗാര്‍ഹിക ജോലിക്ക് ഒരു സ്ത്രീയെ ലഭിക്കണമെങ്കില്‍ ശമ്പളം 3000 മുതല്‍ 5000 രൂപവരെ ആയ സാഹചര്യത്തിലാണ് തുഛമായ ശമ്പളത്തില്‍ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഏജന്റുമാര്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത്. ആണ്‍കുട്ടികള്‍ ഹോട്ടലിലും കെട്ടിടനിര്‍മാണ രംഗത്തും മറ്റും ജോലി ചെയ്യുന്നു. പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ ബാലഭിക്ഷാടനത്തിനും ഇറക്കുമതി ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്ത്യന്‍ ഭരണഘടനയും ബാലവേലയ്‌ക്ക് അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ബാലവേല മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്നും ഭരണഘടന നിര്‍ദേശിക്കുന്നു. ബാലവേല ചെയ്യുന്ന കുട്ടികളുടെ വ്യക്തിത്വത്തിന് മുറിവേല്‍ക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലും കേരളത്തിലും ബാലവേല കൂടിവരികയാണ്. ലോകത്തില്‍തന്നെ ഏറ്റവുമധികം ബാലവേല ചെയ്യിക്കുന്നത് ഏഷ്യയിലാണെന്ന് ആഗോള പഠനങ്ങള്‍ തെളിയിക്കുന്നു. ബാലവേലയുടെ പ്രേരകശക്തി കുടുംബങ്ങളിലെ ദാരിദ്ര്യം തന്നെയാണ്. കുടുംബത്തില്‍ ദാരിദ്ര്യം, കൂടുതല്‍ അംഗങ്ങള്‍, തൊഴിലില്ലായ്മ, താഴ്‌ന്ന വേതനം മുതലായ കാരണങ്ങള്‍ കുട്ടികളെ ബാലവേലയ്‌ക്ക് തള്ളിവിടുന്നു. ആകെയുള്ള തൊഴിലാളികളില്‍ 5.2 ശതമാനം ബാലവേലക്കാരാണ്. കേരളത്തില്‍ ബാലവേലയ്‌ക്ക് കൊണ്ടുവരുന്ന കുട്ടികള്‍ ക്രൂരമായ ശാരീരിക-ലൈംഗിക പീഡനത്തിനും കൊലയ്‌ക്കുംവരെ പാത്രമാകുന്നുവെന്ന് അടുത്തകാലത്തുണ്ടാകുന്ന പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. ബാലവേലയ്‌ക്ക് കോതമംഗലത്ത് കൊണ്ടുവന്ന തമിഴ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആലുവയില്‍ ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന അന്യസംസ്ഥാനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ട്. ജനസേവാ ശിശുഭവന്‍ ഇപ്രകാരം ബാലവേലക്കെത്തി വീട്ടുടമ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയെ ആലുവയില്‍നിന്നും രക്ഷിച്ചിരുന്നു. കോതമംഗലത്ത് കൊല്ലപ്പെട്ട കുട്ടിയുടെ ശമ്പളംപോലും രണ്ടുവര്‍ഷമായി കൊടുത്തിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആലുവ റൂറല്‍ ജില്ലയില്‍ നാല് മാസത്തിനിടെ 15 കുട്ടികളെ ബാലവേലയില്‍നിന്ന് മോചിപ്പിച്ചത് ജില്ലാ ജുവനെയില്‍ പോലീസാണ്. തൊണ്ണൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍നിന്നാണ് ഇത്രയും കുട്ടികളെ മോചിപ്പിച്ചത്. ഇതിനകം ജുവനെയില്‍ പോലീസ് 72 കുട്ടികളെ മോചിപ്പിച്ച് വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലാക്കിയത്രെ.
ഏജന്റുമാരാണ് കുട്ടികളെ എത്തിക്കുന്നത്. ഏജന്റുമാര്‍ ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളില്‍നിന്ന് കുട്ടികളെ വിലയ്‌ക്ക് വാങ്ങിയുമാണ് വീടുകളിലും ഹോട്ടലുകളിലും വ്യവസായശാലകളിലും മറ്റുമെത്തിക്കുന്നത്. പലപ്പോഴും ശമ്പളം കൈപ്പറ്റുന്നതുപോലും ഏജന്റുമാരാകയാല്‍ കുട്ടികളുടെ പീഡനം അവര്‍ പ്രശ്നമാക്കാറില്ല. ബാലവേല ഒരു ആഗോള പ്രശ്നമാണെന്ന് പറഞ്ഞ് അഭ്യസ്തവിദ്യരും സാംസ്ക്കാരിക മേന്മ നടിക്കുന്നവരുമായ മലയാളിക്ക് ഒഴിഞ്ഞുമാറാനാകില്ല. കുട്ടികളെ രക്ഷപ്പെടുത്തുന്നതില്‍ കോടതിവിധികളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിടുമ്പോള്‍ പലപ്പോഴും മാതാപിതാക്കളായി വരുന്നത് വ്യജന്മാരാണ്. ഭിക്ഷാടനത്തില്‍നിന്നും രക്ഷപ്പെടുത്തുന്ന കുട്ടികളെ ഈ വ്യാജന്മാര്‍ക്ക് തിരിച്ചുനല്‍കുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്ത് ഭിക്ഷാടനം തുടരുന്നു. ഇന്ത്യയില്‍ ബാലവേല തടയുന്നതിന് ചെയില്‍ഡ് ലേബര്‍ പ്രിവന്‍ഷന്‍ ആക്ടുപോലെ ശക്തമായ നിയമങ്ങളുണ്ട്. കുട്ടികള്‍ക്ക് 14 വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന നിയമമുണ്ട്. യുഎസിലും കുട്ടികളുടെ അവകാശസംരക്ഷണനിയമം പാസാക്കിയിട്ടുണ്ട്. പക്ഷേ ദാരിദ്ര്യം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുട്ടികള്‍ ചൂഷണ-പീഡനവിധേയരായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: