നാഗ്പൂര്‍: യുപിഎ സര്‍ക്കാരിന്റെ ഭരണ പാടവമില്ലായ്മയാണ് ഹിസ്സാര്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ പരാജയത്തില്‍ പ്രതിഫലിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ കേന്ദ്ര സര്‍ക്കാരിന് സമ്മതിദായകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണം ഇനി അനുവദിക്കാനാകില്ലെ ന്നതാണ് അവരുടെ നിലപാട്. അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ ജനചേതനാ യാത്രക്കിടെ നാഗ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
യുപിഎ സര്‍ക്കാരിന്റെ ഭാവി ജനം തീരുമാനിച്ചു കഴിഞ്ഞുവെന്നും ഹരിയാനക്ക് പുറമേ ബിഹാര്‍, മധ്യപ്രദേശ്, ആന്ധ്രാ എന്നിവിടുങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിയാനയിലെ ഹിസ്സാറില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടു കൂടി മത്സരിച്ച കുല്‍ദീപ് ബിഷ്ണോയ് ആണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലനായ ഭരണാധികാരിയാണ് മന്മോഹന് സിങ്ങെന്ന് കഴിഞ്ഞ ദിവസം സയോനറില് നടന്ന യോഗത്തിനിടെ അദ്വാനി അഭിപ്രായപ്പെട്ടിരുന്നു. വിദേശബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അഴിമതിപ്പണം ഇന്ത്യയിലെത്തിക്കുമെന്ന അവകാശപ്പെട്ടിരുന്ന പ്രധാനമന്ത്രി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് സ്വന്തം കര്‍ത്തവ്യങ്ങള്‍ മറക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇതോടൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും, ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അന്നത്തെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് രാജിവെക്കാനാവശ്യപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്വാനി വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും ഗൗരവമുള്ളതാണ് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ പിഴവു പറ്റാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: