തൃശൂര്‍ : സൗമ്യ കൊല്ലപ്പെട്ടതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കരട് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വിവാദമാകുന്നു. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം താനാണ് നടത്തിയെന്ന അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്ന ഡോ.ഉന്മേഷാണ് തന്റെ സുഹൃത്തിന്റെ സഹായത്തോടുകൂടി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സര്‍ക്കാരിന്റെ രേഖ സുഹൃത്തിനെക്കൊണ്ട് മെഡിക്കല്‍ കോളേജിന് പുറത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ കൊണ്ടുപോയി കോപ്പിയെടുത്താണ് ഇയാള്‍ വിതരണം ചെയ്തത്. ആരോഗ്യവകുപ്പിന്റെ കസ്റ്റഡിയിലുള്ള നിര്‍ണായകമായ രേഖകള്‍ പുറത്തുനിന്നുള്ളവരുടെ കൈവശം കൊടുത്തയച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഡോ.ഉന്മേഷിനെതിരെ ഇതേക്കുറിച്ചും സ്പെഷല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഡംബര കാറിലെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫോട്ടോ സ്റ്റാറ്റ് കോപ്പി വിതരണം ചെയ്തത്. ഇയാളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ നല്‍കുമെന്നും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെബി സുരേഷ് പറഞ്ഞു. ആദ്യ റിപ്പോര്‍ട്ടില്‍തന്നെ ഉന്മേഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഉന്മേഷിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇതിനിടയില്‍ മെഡിക്കല്‍ കോളേജില്‍ ദിവസം പത്ത് പോസ്റ്റ്മോര്‍ട്ടം വരെ നടത്തുന്നുണ്ടെന്ന രേഖകള്‍ പരിശോധിക്കണമെന്ന് സൗമ്യ വധക്കേസിന്റെ പ്രോസിക്യൂട്ടര്‍ എ സുരേശന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ഒന്നര മണിക്കൂറെങ്കിലും സമയം വേണ്ടിവരും. എന്നാല്‍ മാത്രമെ പോസ്റ്റ്മോര്‍ട്ടത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും രേഖപ്പെടുത്താന്‍ കഴിയൂ.
രാവിലെ 8മുതല്‍ വൈകീട്ട് 5മണിവരെ മാത്രമെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടുകയുള്ളൂ. 9മണിക്കൂറില്‍ ഒമ്പതോ പത്തോ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ടെന്നാണ് ഫൊറന്‍സിക് വിഭാഗത്തിന്റെ രജിസ്റ്ററില്‍ കാണുന്നത്. ഓരോ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോഴും ശമ്പളത്തിന് പുറമെ ഡോക്ടര്‍മാര്‍ക്ക് 290 രൂപ അലവന്‍സ് ലഭിക്കുന്നുണ്ട്. യാതൊരു തരത്തിലുള്ള നിരീക്ഷണങ്ങളും നടത്താതെയാണ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സൗമ്യകേസിന്റെ വാദം ഇന്നലെയും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: