തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ച അസിസ്റ്റ്ന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്റ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഏത് രീതിയില്‍ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് നാളെ കാണാമെന്നും വി.എസ് അറിയിച്ചു.
സ്പീക്കര്‍ ഭരണപക്ഷത്തിനോട് ചേര്‍ന്ന് ഗൂഡാലോചന നടത്തുകയാണെന്നും വി.എസ് ആരോപിച്ചു. നിയമസഭയില്‍ ആഭാസകരമായ രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി. മോഹനനെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധ സമരം നടത്തുമ്പോഴാണ് മന്ത്രി മോഹനന് തനിക്കു മുമ്പിലുള്ള ഡസ്കിലേക്ക് കയറി ഉടുതുണി ആഭാസകരമായി പൊക്കിക്കാണിച്ചതെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.
പതിനാലാം തീയതി സഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധം കോഴിക്കോട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച എ.സി രാധാകൃഷ്ണനെ സസ്പെന്റ് ചെയ്യണമെന്നും വാളകം സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടമായിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകുന്നില്ല. രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നും വി.എസ്.അച്യുതാനന്ദന് കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണപിള്ളയോടുള്ള ദാസ്യമനോഭാവമാണ് ഭരണപക്ഷത്തിന്. വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന് കൃഷ്ണകുമാറിനെ മന്ത്രിമാര്‍ കാണാത്തത് ബാലകൃഷ്ണപിള്ളയുടെ തിരുവുള്ളക്കേട് ഭയന്നാണ്. കൃഷ്ണകുമാറിനെതിരായ ആക്രമണം അപകടമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ പേരില്‍ അംഗങ്ങള്‍ തങ്ങള്‍ക്കുള്ള വിഷമം സ്പീക്കറെ രേഖാമൂലം എഴുതി നല്‍കിയിരുന്നു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നിലപാടിനോട് യോജിച്ച സ്പീക്കര്‍ തന്റെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചതിന് ക്ഷമാപണം അറിയിച്ചാല്‍ മതിയെന്ന് നിലപാട് സ്വീകരിച്ചു. എന്നാല്‍ പിന്നീട് ഭരണപക്ഷത്തിന്റെ താല്പര്യത്തിന് അനുകൂലമായി സ്പീക്കര്‍ നിലപാട് മാറ്റിയെന്നും വി.എസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: