ന്യൂദല്‍ഹി: അന്നാഹസാരെ കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജേന്ദ്രസിങ്ങും പി.വി. രാജഗോപാലും രാജിവച്ചു. കെജ്രിവാളിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരോട് ആലോചിക്കാതെ കേജ്രിവാള് സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്നും സംഘടനയുടെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ലെന്നും രാജിക്കത്തില്‍ പറയുന്നു.
ഒരു രാഷ്ട്രീയ സംഘടനയുടെ നിലവാരത്തിലേക്ക് ഹസാരെയുടെ സംഘടന മാറുകയാണോയെന്ന സംശയവും രാജഗോപാല്‍ ഉയര്‍ത്തുന്നുണ്ട്. ഹസാരെ സംഘത്തിന്റേതായി പുറത്തു വരുന്ന പല പ്രസ്താവനകളും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതു തങ്ങളുടെ അഭിപ്രായം ആണെന്നു കൂടി പറയേണ്ടി വരുന്നു.
ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്താനുളള തീരുമാനം, പ്രശാന്ത് ഭൂഷണെ തളളിപ്പറഞ്ഞു കൊണ്ടുളള പ്രസ്താവനകള്‍ എല്ലാം കാരണമായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹസാരെയ്ക്കു വരുന്ന കത്തുകള്‍ക്കു മറുപടി പറയുന്നതു കെജ്രിവാളാണ്. കെജ്രിവാളിന്റെ ഏകപക്ഷീയ നിലപാടുകള്‍ പലപ്പോഴും ഹസാരെ പോലും അറിയാറില്ലെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഇത്തരമൊരു രാജിക്കത്തു ലഭിച്ചിട്ടില്ലെന്ന് കെജ്രിവാള് പ്രതികരിച്ചു. ഹസാരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അദ്ദേഹം മൗനവ്രതത്തിലാണ്. ഏക്താ പരിഷത്തിന്റെ നേതൃത്വത്തില്‍ ഭൂമി അവകാശത്തിനായി ഇന്ത്യ മുഴുവന്‍ യാത്ര നടത്തുകയാണ് മലയാളിയായ രാജഗോപാല്‍. ഇതിനിടെയാണ് ഹസാരെ സംഘത്തില്‍ ചേരുന്നത്.
തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ എല്ലാവര്ക്കും പങ്കില്ലെന്നും അടുത്തിടെ ഹിസാറിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംഭവിച്ചത് ഇതാണെന്നും രാജഗോപാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: