കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് അന്ന് ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ആറാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ മൗനം പാലിച്ചിരുന്നു. പാമോയില്‍ കേസ് അന്വേഷണം ഇപ്പോള്‍ പകുതി വഴിയിലാണ്. കേസിലെ അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് മുന്‍ ഡയറക്ടറുമായ ജിജി തോംസണ്‍ നല്കിയ ഹര്‍ജിയെ തുടരന്വേഷണം സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കി കിട്ടിയാല്‍ ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കുമെന്നും ദണ്ഡപാണി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ ചോദ്യം ചെയ്തുവെന്നും ഇനി ആറു പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും എ.ജി ജസ്റ്റീസ് കെ.ടി.ശങ്കരനെ അറിയിച്ചു. എ.ജി പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയ കോടതി കേസ് ഈ മാസം 25ന് പരിഗണിക്കാനായി മാറ്റി.
കേസില്‍ വി.എസ്. അച്യുതാനന്ദന്, അല്‍ഫോന്‍സ് കണ്ണന്താനം, ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് എന്നിങ്ങനെ മൂന്നു പേര് കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ അപേക്ഷയെ ജിജി തോംസന്റെ അഭിഭാഷകന് എതിര്‍ത്തു. കേസ് നീണ്ടു പോകുന്നതിനാല്‍ തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അഞ്ചാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജിജി തോംസന് കോടതിയെ സമീപിച്ചത്.
അപേക്ഷയില്‍ എതിര് സത്യവാങ്മൂലം നല്കാന് അഞ്ചു ദിവസം കൂടി സമയം വേണമെന്നു ജിജി തോംസന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു കേസ് പരിഗണിക്കുന്നതു 25 ലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: