കൊച്ചി: അച്ഛന്റെ പാതയില്‍ അഭിമാനത്തോടെ ശ്രീഷ്മ രാഷ്ട്രസേവനത്തിനായി സേനയില്‍. ഭോപ്പാലില്‍ കരസേനയുടെ സിഗ്നല്‍ വിഭാഗത്തില്‍ ലെഫ്റ്റനന്റായി കഴിഞ്ഞ ദിവസം ചേര്‍ന്ന ശ്രീഷ്മ 25ന് ഭോപ്പാലില്‍ ക്യാപ്റ്റനായി ചുമതലയേല്‍ക്കും.
പുതിയ തലമുറ എഞ്ചിനീയറിംഗിനും മെഡിസിനും ഐടി മേഖലക്കും പുറകെ പായുമ്പോള്‍ ബിടെക് നേടിയ ശേഷമാണ് സൈനിക സേവനത്തിനായുള്ള അവസരം ശ്രീഷ്മ തെരഞ്ഞെടുത്തത്. വോളിബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ പെറ്റി ഓഫീസറുമായിരുന്ന അച്ഛന് കെ.കെ. സുരേഷാണ് ശ്രീഷ്മയുടെ മാതൃക. 1989 മുതല്‍ 90 വരെ നേവി വോളിബോള്‍ ടീമില്‍ അംഗമായിരുന്ന സുരേഷ് കരിമ്പാടത്തും മൂത്തകുന്നത്തും പറവൂരും വോളിബോള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു.
അച്ഛനെപ്പോലെ ശ്രീഷ്മയും വോളിബോള്‍ താരമായിരുന്നു. കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിലും മൂത്തകുന്നം എസ്എന്‍എം ഹയര്‍ സെക്കന്ററി സ്കൂളിലുമായിരുന്നു ശ്രീഷ്മയുടെ പഠനം. പ്ലസ് ടുവിന് സ്കൂളില്‍ ഒന്നാമതായി പ്രശസ്തമായ വിജയമാണ് നേടിയത്. ഇടുക്കി പൈനാവില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക് പാസായശേഷമാണ് ഇന്ത്യന്‍ കരസേനയിലേക്ക് പ്രവേശിച്ചത്. ആധുനിക കാലഘട്ടത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഐടി മേഖലയിലേക്ക് പരക്കം പായുമ്പോള്‍ ശ്രീഷ്മ വ്യത്യസ്തതയിലൂടെ ഒരു മാതൃകയാവണമെന്ന് അച്ഛന് സുരേഷിനും അമ്മ ഷൈജയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പത്രത്തില്‍ കരസേനയിലേക്ക് ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടപ്പോള്‍ അപേക്ഷ തയ്യാറാക്കി അയച്ചത് അമ്മയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 102 വനിതകളെ തെരഞ്ഞെടുത്തപ്പോള്‍ മലയാളികളായി ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളായിരുന്നു ശ്രീഷ്മ. കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമിയിലായിരുന്നു പരിശീലനം.
11 മാസത്തെ കഠിനമായ പരിശീലനം. മൗണ്ടന്‍ വാര്‍ഫെയര്‍, സിഐ ഓപ്പറേഷന്, നീന്തല്‍, റോക്ക് ലാന്റിങ്ങ്, കുതിരസവാരി, 20 കിലോ ഭാരവുമായി 30 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂര്‍ കൊണ്ട് നടക്കല്‍, ക്രോസ് കണ്ട്രി ഇനത്തില്‍ 9 കിലോമീറ്റര്‍ ഓട്ടം തുടങ്ങിയ കഠിനമായ പരിശീലനത്തിലും തിളക്കമായ വിജയം നേടി കഴിഞ്ഞ മാസം പാസ്സിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുത്തു.
ആദ്യനിയമനം മധ്യപ്രദേശിലെ ഭോപ്പാലിലാണ്ലഭിച്ചത്. അഭിമാനത്തോടെ രാഷ്ട്രസേവനത്തിനായി ശ്രീഷ്മ വലതുകാല്‍വച്ച് കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ പ്രവേശിച്ചു. ഇനിയുള്ള ജീവിതം രാഷ്ട്രസുരക്ഷയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ് ശ്രീഷ്മ.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: