തൃശൂര്‍: തൊഴിലാളി സംഘടനാ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവടക്കം ആറ് പേരെ തൃശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഗ്രോ വാസു അടക്കമുള്ളവരെ പോലീസ് തടങ്കലില്‍ വച്ചത്.
ബോംബ് സ്ഫോടനം നടത്താന്‍ എത്തിയവരെന്ന കുറ്റം ആരോപിച്ചാണ് തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഗ്രോ വാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ ആറ് മണിയോടെ തൃശൂരിലെ റസ്റ്റ് ഹൗസില്‍ നിന്നാണ് ഗ്രോവാസുവടക്കം ആറ് പേരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മൂന്ന് തമിഴ്നാട് സ്വദേശികളും ഇവരില്‍ ഉള്‍പ്പെട്ടിരുന്നു.
തമിഴ്നാട്ടിലെ അഭിഭാഷകരായ മുരുകന്, കേശവന് എന്നിവരും ഗ്രോ വാസു, അജയന്, ബാലഗോപാല്‍, സുഗതന് എന്നിവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. ഇതിനിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായും പോലീസ് ആശയവിനിമയം നടത്തി.
കെ.വേണു അടക്കമുള്ള പൗരാവകാശ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഗ്രോ വാസുവടക്കമുള്ള ആറു പേരെ വിട്ടയയ്ക്കാന് പോലീസ് തയാറായത്. പോലീസ് നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന് വിട്ടയയ്ക്കപ്പെട്ടതിന് ശേഷം ഗ്രോ വാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെങ്കിലും തുടര്‍ന്ന് നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം.
മാവോയിസ്റ്റ് ബന്ധമെന്ന ആരോപണത്തിന്റെ പേരില്‍ ഒളിവില്‍ കഴിയുന്ന രൂപേഷിന്റെ വീട് സന്ദര്‍ശിക്കാനും ഇവര്‍ക്ക് പിന്തുണയുമായും എത്തിയതായിരുന്നു ഗ്രോ വാസുവും സംഘവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: