തിരുവനന്തപുരം: ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
മലക്കപ്പാറ ഷോളയാര്‍ ആദിവാസി ഊരിലെ പരേതനായ നേശമണിയുടെ ഭാര്യ പാറു (65) വിനാണ് മര്‍ദ്ദനമേറ്റത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചൂരല്‍ കൊണ്ട് പുറത്തും കാല്‍വെളളയിലും അടിയേറ്റ പാറു ചാലക്കുടി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതിപക്ഷത്ത് നിന്നും ബി.ഡി ദേവസ്യ എം.എല്‍.എ യാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഒരു വനിതാ പോലീസുകാരി പോലുമില്ലാത്ത സ്റ്റേഷനാണ് മലക്കപ്പാറയിലേതെന്നും പോലീസിന്റെ അടിയേറ്റ് ബോധരഹിതയായതിനെത്തുടര്‍ന്നാണ് പാറുവിനെ ചാലക്കുടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംഭവവുമായി ബന്ധപ്പെട്ട് എ.എസ്.ഐയെ സസ്പെന്റ് ചെയ്തെന്നും അയാള്‍ക്കെതിരെ 324 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അറിയിച്ചു.
ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് പണം തിരികെ നല്‍കുന്നതിന് വേണ്ടി പാറു എന്ന ആദിവാസി സ്ത്രീയെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് പാറു, സതീഷ് എന്നയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനേത്തുടര്‍ന്ന് എ.എസ്.ഐ ജോയി പാറുവിന്റെ പാദത്തില്‍ ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആദിവാസി സ്ത്രീയെ മര്‍ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്ന് കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: