ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. 2007 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അന്ന് ടെലികോം മന്ത്രിയായിരുന്ന എ. രാജക്കെഴുതിയ കത്തില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്വി, എച്ച്.എല്‍. ദത്തു എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഈ കത്തില്‍ നടപടിയുണ്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന്റെ അളവ് കുറക്കാനും അഴിമതി തടയാനും കഴിയുമായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിഷ്ക്രിയതയാണ് 2 ജി അഴിമതിക്ക് ഇടയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ ശരിവെക്കുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. അഴിമതിയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിലപാടിന് കനത്ത തിരിച്ചടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യകമ്പനിക്ക് 2 ജി സ്പെക്ട്രം അനുവദിച്ച രീതി ചോദ്യംചെയ്തുകൊണ്ട് 2007 നവംബര്‍ മൂന്നിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജക്ക് കത്തെഴുതിയത്. സ്പെക്ട്രം ലേലത്തിലൂടെ നല്‍കണമെന്നായിരുന്നു കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇത്തരമൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയില്‍നിന്നുതന്നെ ഉണ്ടായിട്ടും എന്തുകൊണ്ട് അവഗണിക്കപ്പെട്ടു എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയിരിക്കുന്നത്.
സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തില്‍ ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന നയം മാറ്റാനുദ്ദേശിക്കുന്നില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ കത്തിന് തൊട്ടടുത്ത ദിവസം മന്ത്രി രാജ നല്കിയ മറുപടി. എന്നാല്‍ നടപടി സുതാര്യമായിരിക്കുമെന്നും കത്തില്‍ രാജ അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ അവഗണിച്ച് രാജ നടപടികളുമായി മുന്നോട്ടുപോയി അഴിമതിക്ക് വഴിവെച്ചതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന യൂണിടെക് വയര്‍ലസ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, സ്വാന് ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുന്നയിച്ചത്. “പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നിങ്ങള്‍ ആശങ്കപ്പെടുന്നു. കുറ്റപത്രത്തിലുള്ള 2007 നവംബര്‍ രണ്ട് എന്ന തീയതി നിര്‍ണായകമാണ്. ആ ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് (സിബിഐ) ഉള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം”- ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവലിനോട് കോടതി പറഞ്ഞു.
“സ്പെക്ട്രം അസുലഭ വസ്തുവാണെന്നും അത് ലേലത്തില്‍ വില്‍ക്കണമെന്നും സര്‍ക്കാരിന്റെ തലവന്‍ കത്തെഴുതുക. മന്ത്രി ഇത് അംഗീകരിക്കാതിരിക്കുക. ധനമന്ത്രാലയവും എതിര്‍ത്തു. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നാണോ താങ്കള്‍ കരുതുന്നത്,” ബെഞ്ച് റാവലിനോട് ചോദിച്ചു.
2008 ജനുവരി ഒമ്പതിന് നടത്താനിരുന്ന ടെലികോം കമ്മീഷന് യോഗം 15 ലേക്ക് മാറ്റിയതും ജനുവരി 10 ന് തന്നെ ലേലം കൂടാതെ തന്നെ സ്പെക്ട്രം വില്ക്കാന് രാജ തീരുമാനിച്ചതും ബെഞ്ച് പരാമര്‍ശിച്ചു. ഈ ഘട്ടത്തില്‍ ഏതുതരത്തിലും ഒരു തീരുമാനമെടുത്ത് വില്‍പ്പന ഒഴിവാക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടി എടുക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ ആരാണ് തടഞ്ഞത്, കോടതി ചോദിച്ചു.
കേസ് വെച്ചുതാമസിപ്പിക്കുന്ന സിബിഐയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ ഇനിയും ആരംഭിക്കാത്തതിനാല്‍ എത്ര ദിവസം പ്രതികള്‍ക്ക് അഴികള്‍ക്കുള്ളില്‍ കിടക്കേണ്ടിവരുമെന്ന് ബെഞ്ച് ചോദിച്ചു.
കോടതിയുടെ വിമര്‍ശനത്തെ ബിജെപി സ്വാഗതം ചെയ്തു. സുപ്രീംകോടതിയുടെ വിമര്‍ശനം വളരെ ശരിയാണെന്നും എന്തുകൊണ്ട് സ്പെക്ട്രം ലേലത്തിലൂടെ വില്‍പ്പന നടത്തിയില്ലെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. “പരാമര്‍ശങ്ങള്‍ കോടതിയുടെ അതൃപ്തിയാണ് തെളിയിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഭാഗത്തുനിന്നും പരിഹാര നടപടികളൊന്നും ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു.
കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ” സ്വന്തം കത്തിന്റെ കാര്യത്തില്‍പോലും പ്രധാനമന്ത്രി നടപടിയെടുത്തില്ല. ഉത്തരവാദിത്തത്തിന്റെ പ്രശ്നമാണിത്,” വൃന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: