കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ് വികാരങ്ങള്‍ക്ക് അടിമപ്പെട്ടവന് സ്വയം നശിച്ചുപോകുന്നു. എന്നാല്‍ ഈ വികാരങ്ങളെ തന്റെ അധീനതയിലാക്കുവാന്‍ സാധിച്ചവന് അവ തന്നെ സല്‍ഗുണങ്ങളായി ഭവിക്കുന്നു. ഒന്നിനെത്തന്നെ നിരന്തരം ധ്യാനിക്കുന്നതിലൂടെയാണ് കാമം ഉണ്ടാകുന്നത്. സംശുദ്ധമായ ലക്ഷ്യത്തോടുകൂടിയവന് ഈ കാമം തന്നെ വാത്സല്യം, സ്നേഹം, അനുരാഗം മൈത്രി തുടങ്ങിയ ഭാവങ്ങളായിത്തീരുന്നു. ഈശ്വരോന്മുഖമായ രതിയാണ് ഭക്തിയെന്ന് ആചാര്യന്മാര് പറയുന്നു. ഈ ഭക്തി തന്നെ മനുഷ്യന് സര്‍വദുഃഖങ്ങളില്‍ നിന്നുള്ള മോചനത്തെയും മുക്തിയെയും പ്രദാനം ചെയ്യുന്നു. കാമത്തെ തന്നെ ഏത് ലക്ഷ്യത്തോടുകൂടി പ്രകടിപ്പിക്കുന്നു എന്നുള്ളതാണ് അതിന്റെ ഗുണദോഷങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്. ശരീരസുഖത്തെ മാത്രം കാംക്ഷിച്ചുകൊണ്ടുള്ള കാമമാണ് അഥവാ ആഗ്രഹമാണ് നാശത്തിലേക്ക് നയിക്കുന്നത്. അതേ സമയം ആത്മസുഖത്തിനുവേണ്ടിയുള്ളതായ കാമം മുക്തിക്ക് കാരണമായിത്തീരുന്നു. വൃന്ദാവനത്തിലെ ഗോപസ്ത്രീകള്‍ കൃഷ്ണനെ കാമിച്ച് പരമാനന്ദത്തെ പ്രാപിച്ചവരായിത്തീരുന്നു എന്നുള്ള ഭാഗവത പരാമര്‍ശത്തിലും കാമത്തിന്റെ തന്നെ മഹത്തായ വശത്തെയാണ് സൂചിപ്പിക്കുന്നത്. സ്വപത്നിയോട് തോന്നുന്ന കാമം തന്നെയാണ് അനുരാഗമായി ഭവിക്കുന്നത്. ഇവിടെ ഒരു ആത്മസമര്‍പ്പണത്തിന്റേതായ മനോഭാവമുണ്ട്. അതേ സമയം ഒരു വേശ്യസ്ത്രീയോട് തോന്നുന്ന കാമം നൈമിഷികസുഖത്തിന് വേണ്ടി മാത്രമുള്ളതാണ്. ഇവിടെ സമര്‍പ്പണ മനോഭാവമില്ല. മറിച്ച്, ശാരീരികസുഖപ്രാപ്തി മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കാമം ദുഃഖകാരണമായി ഭവിക്കുന്നു.
ക്രോധം പൊതുവേ സംഹരിക്കുന്നതിനുള്ള വാഞ്ഛയാണ്. ചിലപ്പോള്‍ ഈ ക്രോധവും അനുകൂലമായ വികാരമായി തീര്‍ന്നേക്കാം. ഉദാഹരണമായി യുദ്ധക്കളത്തില്‍ നില്ക്കുന്ന ഒരു യോദ്ധാവിനെ സംബന്ധിച്ചിടത്തോളം ക്രോധം ഒരു അനിവാര്യമായ വികാരമാണ്. അതേ സമയം ദുര്‍ബലരോടോ, ആരാധ്യരോടോ, മിത്രങ്ങളോടോ, ശക്തനോടോതോന്നുന്ന ക്രോധം നാശകാരണമായിത്തീരുകയും ചെയ്യാം. ഇപ്രകാരം ക്രോധവും അത് ഏത് സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്നു എന്നതിനെ ആസ്പദമാക്കി ഗുണദോഷങ്ങളെ പ്രകടമാക്കുന്നു.
ലാഭം എന്നുള്ളത് ധനസമ്പാദത്തിനുള്ള വാഞ്ഛയാണ്. ധര്‍മ്മിഷ്ഠനായ ഒരുവന് ന്യായമായ മാര്‍ഗത്തിലൂടെ മാത്രം ധനം സമ്പാദിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു. ധനസമ്പാദനത്തിനുള്ള അതിയായ ആസക്തി അവന്റെ എല്ലാവിധ സുഖങ്ങളെയും നശിപ്പിക്കുന്നു. ധനാസക്തനായവന് ബന്ധുക്കളോ, മിത്രങ്ങളോ, സുഖമോ ഇല്ല എന്ന് ആചാര്യന്മാര് പറയുന്നു. അതേ സമയം ധര്‍മ്മാനുസൃതമായി തന്റെ ജീവിതവൃത്തിക്കാവശ്യമുള്ള ധനം സമ്പാദിക്കുന്നവന് ഇവയെല്ലാം ഉണ്ടായിവരികയും ചെയ്യുന്നു. ഇപ്രകാരം ലാഭത്തിനും രണ്ട് വശങ്ങള് പറയാവുന്നാണ്.
താനാണ് ശ്രേഷ്ഠനായിരിക്കുന്നത് എന്ന മനോഭാവമാണ് മദം. മദത്തെ നിയന്ത്രിച്ച് തന്റെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം അറിയുവാന്‍ സാധിക്കുമ്പോള്‍ അതുതന്നെ അഭിമാനമായിത്തീരുന്നു. ശ്രേഷ്ഠമായ അഭിമാനം സ്വവ്യക്തിത്വത്തെ പരിപാലിക്കുന്നതിനും, തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കാതിരിക്കുന്നതിനുമുള്ള പ്രേരണയായിത്തീരുന്നു.
അന്യരോടുള്ള മാത്സര്യം വിനാശകാരണമായിത്തീരുന്നു. എന്നാല്‍ മാത്സര്യത്തെ നിയന്ത്രിച്ചുനിറുത്തുവാന്‍ സാധിക്കുമ്പോള്‍ അത് സ്വജീവിതത്തിന്റെ വിജയത്തിനും, ലക്ഷ്യപ്രാപ്തിക്കുള്ള പ്രേരണയായിത്തീരുന്നു.
മോഹത്തിന് വിധേയനായവനെ അതുതന്നെ നശിപ്പിക്കുന്നു. എന്നാല്‍ മോഹത്തെ ജയിക്കുവാന്‍ സാധിക്കുകയണെങ്കില്‍ അത് ജീവിതത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചുമുള്ള മനോഹരസങ്കല്‍പങ്ങളായിത്തീരുന്നു. നിയന്ത്രണവിധേയമായിത്തീര്‍ന്ന മോഹം തന്നെയാണ് ശുഭാപ്തിവിശ്വാസമായി പരിണമിക്കുന്നത്. മോഹത്തിന് വിധേയനായി ദക്ഷന് ശിവനെ നിന്ദിക്കുകയും തല്‍ഫലമായി നശിച്ചുപോവുകയും ചെയ്തു. അതേസമയം ഗോകുലവാസികള്‍ സര്‍വ്വേശ്വരനായ ശ്രീകൃഷ്ണനെ കേവലമൊരു ഗോപാലബാലനായി കാണുകയുണ്ടായി. പക്ഷേ, ഭഗവാന് അതേ രൂപത്തില്‍ തന്നെ അവരെ അനുഗ്രഹിക്കുകയാണുണ്ടായത്. അര്ജ്ജുനന് ഭഗവാനെ കാണുന്നത് തന്റെ മിത്രമായിട്ടാണ്. ഭഗവാന് മിത്രഭാവത്തില്‍ തന്നെ അദ്ദേഹത്തിന് ഗീതോപദേശം നല്കി രക്ഷിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം മോഹവും വ്യകതിയുടെ മനോഭാവത്തെ ആശ്രയിച്ച് ഗുണദോഷങ്ങളെ പ്രദാനം ചെയ്യുന്നു.
– രാജേഷ് പുല്ലാട്ടില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: