ന്യൂദല്‍ഹി: കാലവര്ഷത്തിന്പിന്നിലെ സങ്കീര്ണശാസ്ത്രതത്വങ്ങള് മനസിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടൊപ്പം മൂന്ന് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍നിന്നാണ് നാല് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി സി -18 കുതിച്ചുയര്‍ന്നത്. കാലവര്‍ഷത്തിന് പിന്നിലെ സങ്കീര്‍ണ പ്രതിഭാസങ്ങള്‍ പഠിക്കുന്നതിനുള്ള ‘മേഘാട്രോപ്പിക്സ്’ എന്ന 865 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍നിന്ന് 886 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് അറിയിച്ചു. വിക്ഷേപണം വന്‍വിജയമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ ഉപഗ്രഹങ്ങളെയും മുന്‍നിശ്ചയിച്ച ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാലവര്‍ഷത്തിന്റെയും കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഇതുവരെയുള്ള കണ്ടെത്താന്‍ കഴിയാത്ത സവിശേഷതകള്‍ തേടിയാണ് മേഘ ട്രോപ്പിക്സിന്റെ പ്രയാണം. കാലവര്‍ഷം ഉള്‍പ്പെടെ കാലാവസ്ഥാ പ്രവചനങ്ങളില്‍ കാതലാമയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിലൂടെ കഴിയുമെന്ന് സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തിലെ മാസ്റ്റര്‍ കണ്ട്രോള് സെന്ററില്‍നിന്ന് ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. ശൈലേഷ് നായിക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മേഘാ ട്രോപ്പിക്ക്സില് നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറൊളജി, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘം വിശകലനംചെയ്യും. ഈ വിവരങ്ങള്‍ നാസ (യുഎസ്എ), ജാപ്പനീസ് ബഹിരാകാശ ഏജന്‍സി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാരുമായും പങ്കുവെക്കുമെന്ന് ഐഎസ്ആര്‍ഒയിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന് അറിയിച്ചു. ഏറെ നാളുകളായി ലോകം കാലവര്‍ഷമെന്ന പ്രതിഭാസത്തെ പിന്തുടരുന്നുവെങ്കിലും ദിവസങ്ങള്‍ കഴിയുംതോറും അതിന്റെ ദുരൂഹത കൂടുതല്‍ സങ്കീര്‍ണമായി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഘാ ട്രോപ്പിക്സ് ഇതിനെല്ലാം പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒയും ശാസ്ത്രലോകവും. 90 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്.
ചെന്നൈ എസ്ആര്‍എം സര്‍വകലാശാല, കാണ്‍പൂര്‍ ഐഐടി, ലക്സംബര്‍ഗിലെ ലക്സ്സ് പേസ് എന്നിവര്‍ നിര്‍മിച്ചതാണ് മറ്റ് മൂന്ന് നാനോ ഉപഗ്രഹങ്ങള്‍. അന്തരീക്ഷത്തിലെ ഹരിതഭവന വാതകങ്ങള്‍, കാര്‍ബണ്‍ ഡയോക്സൈഡ്, നീരാവിയുടെ സാന്നിധ്യം എന്നിവ നിരീക്ഷിക്കുകയാണ് എസ്ആര്‍എം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എസ്ആര്‍എം സാറ്റ് എന്ന 10 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ ദൗത്യം. കാണ്‍പൂര്‍ ഐഐടി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘ജുഗ്നു’ ആണ് രണ്ടാമത്തെ ചെറു ഉപഗ്രഹം. ആഴക്കടലില്‍ അപകടത്തില്‍പ്പെടുന്ന കപ്പലുകളെ കണ്ടെത്തുകയെന്ന ദൗത്യവുമായാണ് ലക്സ് സ്പേസ് നിര്‍മിച്ച 28.7 കിലോഗ്രാം ഭാരമുള്ള വെസ്സല്‍സാറ്റ് വിക്ഷേപിച്ചിരിക്കുന്നത്.
അന്തരീക്ഷ ഗവേഷണത്തില്‍ പുതിയ കാലഘട്ടത്തിന് തുടക്കംകുറിക്കുന്നതാണ് മേഘാ ട്രോപ്പിക്സ് എന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും കാലാവസ്ഥാ പഠനത്തിനായി പ്രത്യേക ഉപഗ്രഹം വേണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെക്കുകയും ചെയ്ത ഡോ. കെ. കസ്തൂരിരംഗന്‍ പറഞ്ഞു. കാലവര്‍ഷത്തെ ആശ്രയിച്ച് കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെ കര്‍ഷകസമൂഹത്തിന് ഏറെ പ്രതീക്ഷക്ക് ഇട നല്കുന്നതാവും ഉപഗ്രഹത്തിന്റെ സേവനങ്ങള്‍. കാലവര്‍ഷത്തിന്റെ സ്വഭാവങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നതോടെ കൃഷിരീതികള്‍ അതിനനുസൃതമായി ആസൂത്രണം ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ മാറ്റത്തില്‍ ഇന്ത്യന്‍ നഗരങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണയിക്കുകയാണ് എസ്ആര്എംസാറ്റിന്റെ ലക്ഷ്യമെന്ന് ഉപഗ്രഹപദ്ധതിയില് ഉള്‍പ്പെട്ട ഗുരുദിത്യ സിന്‍ഹ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. സെല്‍ഫോണില്‍ ഉപയോഗിക്കുന്ന ചിപ്പുകളും യുഎസ്ബി ഡ്രൈവില്‍ ഉപയോഗിക്കുന്ന ഫ്ലാഷ് മെമ്മറിയുമെല്ലാമാണ് ഈ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യപരമായി ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അവ ബഹിരാകാശ വികിരണത്തെ എങ്ങനെ അതിജീവിക്കുമെന്ന് നിരീക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയായ വിശാല്‍ ലതാ ബാലകുമാര്‍ പറഞ്ഞു. 54 വിദ്യാര്‍ത്ഥികളാണ് എസ്ആര്‍എം പദ്ധതിയില്‍ ഉണ്ടായിരുന്നത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് എം. ലോകനാഥനായിരുന്നു പ്രൊജക്ട് ആര്‍ക്കിട്ടെക്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: