തിരുവനന്തപുരം : ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ ഉന്നതതല സമിതി അന്വേഷിക്കും. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം മേധാവികളും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററും അംഗങ്ങളായ സമിതിയാണ് അന്വേഷിക്കുക.
മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം അസോസിയെറ്റ് പ്രൊഫസര്‍ ഡോ. ഉന്മേഷ് മൊഴി നല്കിയ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.
കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ ഡോ. ഷേര്‍ളി വാസു പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും താനും ഡോ. രാജേന്ദ്രപ്രസാദുമാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നായിരുന്നു ഉന്മേഷിന്റെ വാദം. ഇതേത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ ലാല്‍, ഡോ. ഉന്മേഷ്, ഡോ. ഷേര്‍ളി വാസു എന്നിവരെ വിശദീകരണം തേടി മന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്തേയ്ക്കു വിളിച്ചുവരുത്തിയിരുന്നു.
അതിനിടെ ഡോക്ടര്‍ ഉന്മേഷിനോട് നാളെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. സൗമ്യ കേസ് പരിഗണിക്കുന്ന തൃശൂര്‍ അതിവേഗ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ രേഖകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നല്കിയ പരാതിയിന്മേലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: