തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥി സമരത്തിന് നേരെ വെടിവെപ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാനടപടികള്‍ സ്തംഭിപ്പിച്ചു. ചോദ്യോത്തര വേളയില്‍ തന്നെ ചെറിയ രീതിയില്‍ ബഹളം തുടങ്ങിയിരുന്നെങ്കിലും ശൂന്യവേളയില്‍ ഇത് ശക്തിപ്രാപിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
ശൂന്യവേളയില്‍ പ്രതിപക്ഷത്ത് നിന്ന് എ.പ്രദീപ്കുമാറാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. കോഴിക്കോട് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പ് സര്‍ക്കാര്‍ ആഗ്രഹിക്കാത്തതാണെന്നും എന്നാല്‍, പഠിക്കാന്‍ താല്പര്യമുള്ള ഒരു വിദ്യാര്‍ഥിക്ക് അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അടിയന്തരപ്രമേയനോട്ടീസിന് മറുപടി നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് മെറിറ്റില്‍ പ്രവേശനം നേടിയ നിര്മ്മല്മാധവ് എന്ന വിദ്യാര്‍ഥി അവിടെ ക്രൂരമായ റാഗിംഗിനാണ് ഇരയായത്. വിദ്യാര്‍ഥിയുടെ അച്ഛന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ ഒരു കമ്മറ്റിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. റാഗിംഗ് നടന്നതായി ഈ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് പരപ്പനങ്ങാടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും നല്കി. തുടര്‍ന്നും വിദ്യാര്‍ഥിക്ക് അവിടെ പഠിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്ന് പഠനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് പുന്നപ്രയില്‍ കേപ്പിന് കീഴിലുള്ള സഹകരണ എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ന്നത്. എന്നാല്‍, നേരത്തെ പഠിച്ച കോളജില്‍ നിന്ന് അധികൃതര്‍ രേഖകള്‍ കൊടുത്തില്ല. ഇതുമൂലം വീണ്ടും ഒന്നാംവര്‍ഷത്തിന് ചേരേണ്ടി വന്നു. നേരത്തെ നല്കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ഥിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്നാണ് പഠിക്കാന്‍ സാഹചര്യമില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് പരാതി തന്നത്. ഇതിന് ശേഷമാണ് കോഴിക്കോട് വെസ്തില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ ഒഴിവുള്ള സീറ്റില്‍ നിര്മ്മല്മാധവിന് പ്രവേശനം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് ശേഷം എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്കി. കളക്ടര്‍ വിളിച്ച യോഗത്തില്‍ പ്രവേശനം സംബന്ധിച്ച് സാങ്കേതിക പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ട് എന്തായാലും അംഗീകരിക്കാമെന്നും യോഗത്തില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷം ഇത് അംഗീകരിക്കില്ലെന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, കൂത്ത്പറമ്പിന് ശേഷം നടന്ന ഏറ്റവും വലിയ പോലീസ് ഭീകരതയാണ് ഇന്നലെ കോഴിക്കോട് നടന്നതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എ.പ്രദീപ്കുമാര്‍ ആരോപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്കേറ്റു. ഭ്രാന്തുപിടിച്ച പോലെയാണ് പോലീസ് പെരുമാറിയത്. യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ചാണ് നിര്മ്മല്മാധവിന് കോളജില്‍ പ്രവേശനം നല്‍കിയത്. അഴിമതിയുടെ ചക്രവര്‍ത്തിയായ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍സെക്രട്ടറിയാണ് ഇതിന് അരങ്ങൊരുക്കിയത്. പോലീസിലെ കൊടും ക്രിമിനലാണ് വെടിവെപ്പ് നടത്തിയ രാധാകൃഷ്ണപിള്ളയെന്നും എ.പ്രദീപ്കുമാര്‍ ആരോപിച്ചു.
മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ പ്രവേശനം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റിപ്പുറം എംഇഎസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് കത്തിക്കുത്ത് കേസില്‍പ്പെട്ട് പുറത്തായപ്പോള്‍ ഇടുക്കി ഗവണ്മെന്റ് കോളജിലാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രവേശിപ്പിച്ചത്.
വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസപ്രിന്സിപ്പല് സെക്രട്ടറിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അതിന്റെ ഉത്തരാവാദി താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രി തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് വെടിയുതിര്‍ത്ത പോലീസുകാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ പോലീസ് മര്‍ദനത്തിനിടെ ചോരപുരണ്ട വസ്ത്രങ്ങള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരകാതെ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കി നിയമസഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ സഭ പിരിഞ്ഞശേഷവും വെടിവച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വി.എസിന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. പിന്നീട് സ്പീക്കര്‍ വന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷാംഗങ്ങള്‍ സഭവിട്ട് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: