Categories: Ernakulam

പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ നിര്‍മ്മാണം ആരംഭിക്കണം

Published by

അങ്കമാലി: കുന്ന്‌ പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്ന്‌ വയല്‍ക്കര ഗവ. എല്‍.പി.സ്കൂളില്‍ ചേര്‍ന്ന ശ്രദ്ധക്ഷണിക്കല്‍ സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പെരിയാറിന്റെ ഇരുകരയിലും ഉള്ള ആയിരക്കണക്കിന്‌ ഏക്കര്‍ സ്ഥലത്ത്‌ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുവാന്‍ ഉതകുന്നതും എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിനും ജില്ലയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്കും ഈ പദ്ധതി ഉപകാരപ്രദമാകുമെന്നും ശ്രദ്ധ ക്ഷണിക്കല്‍ സമ്മേളനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലമായി നടപടിക്രമങ്ങള്‍ തുടങ്ങിയ ഈ പദ്ധതിക്ക്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ തുക വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ചത്‌.
നബാര്‍ഡിന്റെ ധനസഹായത്തോടെ തുടങ്ങുന്ന പദ്ധതി 2012 മാര്‍ച്ച്‌ 30 ന്‌ മുമ്പ്‌ തുടങ്ങുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്‌. ഈ പദ്ധതി നഷ്ടപ്പെട്ടാല്‍ ജില്ലയില്‍ വന്‍പ്രത്യാഘാതങ്ങള്‍ക്ക്‌ സാധ്യതയുള്ളതുകൊണ്ട്‌ ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ തുടങ്ങുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത്‌ അംഗം പി. എ. ഷാജഹാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുന്ന്‌ പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ കം ബ്രിഡ്ജ്‌ സംരക്ഷണസമിതി ചെയര്‍പേഴ്സണ്‍ സുധാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. എ. അബ്ദുള്‍ റഹിമാന്‍കുട്ടി, സി. യു. ജബ്ബാര്‍, അജയ്കുമാര്‍, കെ. എസ്‌. വേണുഗോപാല്‍, താജുന്നിസാ നൗഷാദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by