മുംബൈ: ഗസല്‍ ഗായകന് ജഗ്ജിത് സിംഗ് അന്തരിച്ചു. രാവിലെ എട്ട് മണിക്ക് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഘനഗംഭീര ശബ്ദത്തിലൂടെയും സ്വതസിദ്ധ ആലാപനത്തിലൂടെയും ഹിന്ദുസ്ഥാനി സംഗീത ആസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനായിരുന്നു അദ്ദേഹം. ഗസലിനൊപ്പം നിരവധി ഭജനുകളിലൂടെയും സിനിമ ഗാനങ്ങളിലൂടെയും അനുവാചക ഹൃദയങ്ങള്‍ കീഴടക്കി. ഹിന്ദിക്കു പുറമെ പഞ്ചാബി, ഉര്‍ദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിലും പാടിയിട്ടുണ്ട്. പതിനായിരത്തിലധികം മെഹ്ഫിലുകളും ഉള്‍പ്പെടും. 2003ല്‍ പത്മഭൂഷണും 2006ല്‍ പത്മശ്രീയും നല്കി രാജ്യം ആദരിച്ചു.
ഭാര്യ ചിത്ര സിങ്ങുമായി ചേര്‍ന്നു പുറത്തിറക്കിയ അണ്ഫൊര്ഗെറ്റബ്ള്സ്, ബിയോന്‍ഡ് ടൈം, സം വണ്‍ സംവെയര്‍, ഇന്‍ സെര്‍ച്ച്, മന്ജീതെ ജഗ്ജിത് തുടങ്ങി അമ്പതോളം ആല്‍ബങ്ങള്‍ ഇറക്കി. അര്ഥ് എന്ന ചിത്രത്തിലെ ഹോട്ടോന്‍ സെ ഛൂലോ തും എന്ന ഗാനം ഏറെ ശ്രദ്ധേയം. ജഗ്ജിത് സിങ്ങും ചിത്ര സിങ്ങും ആധുനിക ഗസല്‍ ഗായകരിലെ കുലപതികളായി വാഴ്ത്തപ്പെടുന്നു. 70 കളിലും 80 കളിലും സംഗീതലോകത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ജഗ്ജിത്-ചിത്ര ദമ്പതികള്‍.
മകന് വിവേക് 21മത്തെ വയസില്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: