ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംയുക്ത സമിതി നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ പരസ്യമാക്കാമെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരും ഹസാരെ സംഘവും നടത്തിയ രഹസ്യ ചര്‍ച്ചകള്‍ പരസ്യമാവും.
പ്രമുഖ വിവരാവകാശ പ്രവര്ത്തകന് എസ്.സി. അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് ഇത്. ലോക്പാല്‍ ബില്ലിന് അന്തിമ രൂപം നല്‍കാനുള്ള സമിതിയില്‍ ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. സംയുക്ത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കാന്‍ ആദ്യം പഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് വിസമ്മതിച്ചിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനത്തിലൂടെ രൂപീകരിച്ച സമിതിയായതിനാല്‍ ഇതിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു വാദം. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയ പഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് സംയുക്ത ലോക്പാല്‍ സമിതിയിലെ ചര്‍ച്ച സംബന്ധിച്ച് ഒന്‍പതു സിഡികളുണ്ടെന്നും 450 രൂപ ഫീസായി അടച്ചാല്‍ ഇവയുടെ പകര്‍പ്പുകള്‍ കൈമാറാമെന്നും അറിയിക്കുകയായിരുന്നു.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിഡി രൂപത്തില്‍ നല്‍കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ചര്‍ച്ചാ വിവരങ്ങള്‍ മിനിറ്റ്സ് രൂപത്തില്‍ രേഖപ്പെടുത്തിയത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മറ്റൊരു രൂപത്തില്‍ നല്കാന് കഴിയില്ലെന്നുമായിരുന്നു വിശദീകരണം. ആ നിലപാടാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് രൂപീകൃതമായ ലോക്പാല്‍ ബില്‍ സംയുക്തസമിതിയില്‍ 10 പേരാണുണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, പി. ചിദംബരം, വീരപ്പ മൊയ്ലി, കബില്‍ സിബല്‍, സല്മാന് ഖുര്‍ഷിദ്, പൊതുസമൂഹ പ്രതിനിധികളായി അണ്ണാ ഹസാരെ, ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്ഡെ, ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്, അരവിന്ദ് കേജ്രിവാള് എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ നടത്തിയ ചര്‍ച്ചകളുടെ പൂര്ണരൂപമാണിപ്പോള് പൊതുരേഖയായി പുറത്തുവരുന്നത്.
ഇതിനിടെ അണ്ണാഹസാരെ പാര്‍ലമെന്റിനും മുകളിലാണെന്നും പാര്‍ലമെന്റിന് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടെന്നും വിവരാവകാശപ്രവര്‍ത്തകനും ഹസാരെ സംഘത്തിലെ പ്രമുഖനുമായ അരവിന്ദ് കെജ്രിവാള് പറഞ്ഞു.
“എല്ലാ പൗരന്മാരും പാര്‍ലമെന്റിന് മുകളിലാണ്. പാര്‍ലമെന്റിനോട് ഇത് ചെയ്യരുത് എന്നു പറയാനുള്ള അവകാശം അണ്ണാ ഹസാരെ ഉള്‍പ്പെടെ ഓരോ പൗരനുമുണ്ട്. ഭരണഘടന ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.” പാര്‍ലമെന്റ് നിയമം പസാക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ ഹസാരെ പാര്‍ലമെന്റിന് മുകളില്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായി കെജ്രിവാള് പറഞ്ഞു.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ് ലോക്പാല്‍ ബില്‍ പാസാക്കുക എന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടതിനാലാണ് ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ പ്രചാരണം നടത്തുന്നത്. ലോക്പാല്‍ ബില്ലിനെ പിന്തുണക്കുന്ന ബിജെപി വാഗ്ദാനത്തില്‍നിന്ന് പിന്നോട്ടുപോയാല്‍ യുപി തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെയും പ്രചാരണം നടത്തും, കെജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: