കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിവധ മണ്ഡലങ്ങളില്‍ സിപിഎമ്മിന് വിജയമൊരുക്കിയത് കെ.സുധാകരന് എംപിയുടെ തെരഞ്ഞെടുപ്പ് സമയത്തെ തീരുമാനങ്ങളാണെന്ന് ഡിസിസി പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ പി.രാമകൃഷ്ണന് ഇന്നലെ കണ്ണൂരില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. കല്യാശ്ശേരി മണ്ഡലത്തിലും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് മത്സരിച്ച തലശ്ശേരി മണ്ഡലത്തിലും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന് പിന്നില്‍ സുധാകരനാണെന്ന് രാമകൃഷ്ണന് ആരോപിച്ചു. സിപിഎമ്മിനെതിരെ പൊരുതുന്ന നേതാവെന്ന് അവകാശവാദമുന്നയിക്കുന്ന സുധാകരന്റെ ഈ സിപിഎം അനുകൂല നിലപാട് അന്വേഷിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധം അന്വേഷിക്കണ്ടത് നേതൃത്വമാണ്. ഒരു വര്‍ഷമായി തലശ്ശേരി നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പ്രസിഡണ്ടില്ല. തലശ്ശേരി മേഖലയില്‍ നല്ല മണ്ഡലം കമ്മറ്റികള്‍ ഉണ്ടാകുന്നില്ല. ഇത് നേതൃത്വം അന്വേഷിക്കണം. ജില്ലയിലെ ഒട്ടുമിക്ക മണ്ഡലം, ബ്ലോക്ക് പ്രസിഡണ്ടുമാരും സുധാകരന്റെ അടിമകളാണെന്നും ഇവരെല്ലാം ദുര്‍ബലരും സുധാകരന് പറഞ്ഞാല്‍ എന്തും ചെയ്യുന്ന കാര്യസ്ഥന്മാരാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
കെപിസിസി നേതൃത്വത്തെയും രാമകൃഷ്ണന് കുറ്റപ്പെടുത്തി. പ്രസിഡണ്ട് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ചില സമീപനങ്ങള്‍ വേണ്ടരീതിയിലല്ലെന്നും അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. ആന്റണിയായിരുന്നു ഏറ്റവും നല്ല കെപിസിസി അധ്യക്ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പണ്ടേ ഉള്ളതാണ്. കോണ്‍ഗ്രസ് സംസ്കാരത്തോടുള്ള നിഷേധം പയ്യന്നൂരില്‍ വെച്ച് സുധാകരന് പ്രസംഗത്തില്‍ പ്രകടിപ്പിച്ചതാണ് ഇപ്പോഴുള്ള തന്റെ ആരോപണങ്ങള്‍ക്ക് വഴി തെളിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ നടപടിയുണ്ടായാലും താന്‍ കോണ്ഗ്രസിലുണ്ടാകും. കോണ്‍ഗ്രസ് ശുദ്ധീകരിക്കുക എന്നതാണ് ലക്ഷ്യം. സത്യം മൂടിവെക്കാതെ ധൈര്യമായി തുറന്നു പറയും. സുധാകരനെ താന്‍ വ്യക്തിപരമായി എതിര്‍ത്തിട്ടില്ല. നിലപാടുകളോടാണ് എതിര്‍പ്പ്.
സംഘടനാ പാടവമുള്ള സുധാകരന്റെ അനാവശ്യമായ ഇടപെടലുകള്‍ പ്രശ്നങ്ങള്‍ പെരുപ്പിക്കുകയാണ്. സുധാരകന് ചെറുപ്പക്കാരുടെ ഇടയില്‍ മാത്രമേ സ്വീകാര്യതയുള്ളൂ. ആവേശപ്രസംഗവും മറ്റുമാണ് സുധാകരന് അനുയായികളെ നേടിക്കൊടുക്കുന്നത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നല്‍കാഞ്ഞത് എന്തുകൊണ്ടാണെന്ന് നേതൃത്വം അന്വേഷിക്കണം. അതിനുത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: