Categories: Ernakulam

സിബിഎസ്സി സ്കൂളുകള്‍ക്ക്‌ സര്‍ക്കാര്‍ നിയന്ത്രണം: ഒട്ടേറെ സ്കൂളുകള്‍ക്ക്‌ അംഗീകാരം ഇല്ലാതാവും

Published by

കൊച്ചി: സിബിഎസ്സി സ്കൂളുകള്‍ക്ക്‌ കടിഞ്ഞാണിടുന്നതിനായുള്ള സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളെ പ്രതിസന്ധിയിലാക്കും. സംസ്ഥാനത്ത്‌ പ്രവര്‍ത്തനം ആരംഭിക്കുന്ന സിബിഎസ്സി സ്കുളുകള്‍ക്ക്‌ എന്‍ഒസി നല്‍കുന്നതില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ കേന്ദ്രത്തിന്റെ സിബിഎസ്സി സ്കൂളുകളും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാവും.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമത്തിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. എല്ലാ സിബിഎസ്സി സ്കൂളുകള്‍ക്കും ചുരുങ്ങിയത്‌ 3 ഏക്കര്‍ സ്ഥലം വേണം എന്ന നിയമത്തിലെ വ്യവസ്ഥ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന്‌ സ്കൂളുകളെ നേരിട്ട്‌ ബാധിക്കും. താത്കാലിക മായവാടകകെട്ടിടങ്ങളിലും, 50 സെന്റില്‍ താഴെ സ്ഥലത്തും പ്രവര്‍ത്തിക്കുന്ന 500 ഓളം സ്കൂളുകള്‍ സംസ്ഥാനത്തുണ്ട്‌ എന്നാണ്‌ സിബിഎസ്‌ മാനേജ്മെന്റ്‌ കണക്കാക്കുന്നത്‌. പുതിയ മാനദണ്ഡം അതനുസരിച്ച്‌ രണ്ടുപ്ലോട്ടുകളായെങ്കിലും 3 ഏക്കര്‍ സ്ഥലം തരപ്പെടുത്തിയില്ലെങ്കില്‍ ഇത്തരം സ്കൂളുകള്‍ക്ക്‌ അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത്‌ വ്യാപകപ്രതിഷേധം വിളിച്ചുവരുത്താനും കാരണമാവും.

അധ്യാപകരുടെ ഫീസ്‌ സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പുതിയ നിയമത്തിലെ മാനദണ്ഡങ്ങളും വിവാദമാവും. ഇപ്പോള്‍ പല സ്കുളുകളിലും അധ്യാപകര്‍ക്ക്‌ തുഛമായ വേതനമാണ്‌ ശമ്പളമായി നല്‍കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കു നല്‍കുന്നതിനു തുല്യമായ വേതനം സിബിഎസ്സി അധ്യാപകര്‍ക്കും നല്‍കണമെന്ന്‌ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശവും മാനേജുമെന്റുകള്‍ക്ക്‌ തലവേദനയാവും. ഇത്‌ നടപ്പിലാക്കണമെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത സ്കൂളുകള്‍ ഏറ്റെടുക്കേണ്ടിവരും. ഇതു പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇപ്പോള്‍ ഈടാക്കിവരുന്ന ഫീസില്‍ വന്‍ വര്‍ധനവും വരുത്തേണ്ടതായിവരും.

സിബിഎസ്സി സ്കുളുകള്‍ക്ക്‌ എന്‍ഒസി നല്‍കുന്നതിന്‌ ചില നിബന്ധനകള്‍ മുമ്പ്‌ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സ്കൂള്‍ മാനേജുമെന്റ്‌ അസോസിയേഷന്‍ കോടതിവിധി സമ്പാദിച്ചിട്ടുണ്ട്‌. നൂറോളം സ്കൂളുകളുടെ എന്‍ഒസി നല്‍കുന്നതിനുള്ള അപേക്ഷ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്‌.

സ്കൂളുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാനും, അധ്യാപകര്‍ക്ക്‌ ന്യായമായ വേതനം ലഭിക്കുവാനുമാണ്‌ പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെങ്കിലും, പലകോണുകളില്‍നിന്നായി ഉയര്‍ന്നുവരാവുന്ന എതിര്‍പ്പിനെ മറികടന്ന്‌ നിയമം പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാരിന്‌ കഴിയുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നുഎന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by