ആലപ്പുഴ: വയലാര്‍ രാമവര്‍മ ഈശ്വര വിശ്വാസിയായിരുന്നുവെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആത്മമിത്രമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എഴുതിയ ‘വയലാര്‍’ എന്ന പുസ്തകത്തിലാണ് കവി ഈശ്വര വിശ്വാസിയായിരുന്നുവെന്നും കമ്യൂണിസ്റ്റ് അല്ലായിരുന്നുവെന്നും ആധികാരികമായി വ്യക്തമാക്കുന്നത്. “മരണത്തിന് മുന്‍പ് വയലാര്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്തിരുന്നു. ഇതിനായി ചേലങ്ങാട്ട് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് മാലയിട്ട് വ്രതത്തിനൊരുങ്ങുമ്പോഴാണ് അസുഖം ബാധിക്കുന്നത്.
ശബരിമല ദര്‍ശിക്കാതെ അയ്യപ്പനെ മനസില്‍ സങ്കല്പിച്ചു. പുണ്യപമ്പയും പൂങ്കാവനവും മനസില്‍ കണ്ട് അദ്ദേഹമെഴുതിയ ഭക്തിഗാനങ്ങള്‍ മനസില്‍ ഈശ്വരന് കുടികൊള്ളുന്ന ഉറച്ച ഭക്തന് മാത്രമേ എഴുതാന്‍ കഴിയുകയുള്ളൂ. പമ്പ പുണ്യനദിയായി മാത്രമല്ല, ഔഷധക്കൂട്ടുകളുടെ കലവറയായും വയലാര്‍ കണ്ടു”, പുസ്തകത്തില്‍ പറയുന്നു. ഉപനിഷത് ദര്‍ശനങ്ങളില്‍ വിശ്വസിച്ച വയലാര്‍ സ്വാമി വിവേകാനന്ദന്റെ കടുത്ത ആരാധകനായിരുന്നു. കൃഷ്ണഭഗവാനെ ലോകഗുരുവായാണ് വയലാര്‍ കണ്ടത്. മരിക്കുന്നതു വരെ സിപിഎം വയലാറിനെ എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ കള്ളുകവി, അര കവി, കോടമ്പാക്കം കവി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെയാണ് ഇവര്‍ വയലാറിനെ വിശേഷിപ്പിച്ചിരുന്നത്.
1962 ഒക്ടോബര്‍ 20ന് ചൈന ഇന്ത്യയെ അക്രമിച്ച ശേഷം 27ന് നടന്ന വയലാര്‍ രക്തസാക്ഷി വാരാചരണ പ്രസംഗത്തില്‍ രാമവര്‍മ ചൈനക്കെതിരെ പ്രസംഗിച്ചു. ഇതില്‍ കുപിതനായ സിപിഎമ്മിന്റെ ഇന്നത്തെ ഉന്നത നേതാവുള്‍പ്പെടെയുള്ളവര്‍ അന്ന് വേദിയില്‍ നിന്നിറങ്ങി പോകുകയായിരുന്നു. ചൈനീസ് വിരോധമാണ് വയലാറിനെ സിപിഐ പക്ഷത്ത് നില്ക്കാന് പ്രേരിപ്പിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളിലെ പഠനകാലത്ത് വയലാറിനെ പരാജയപ്പെടുത്തി കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് പരമേശ്വരന് എന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി.പരമേശ്വരനാണ് ഇദ്ദേഹം. വയലാറിന് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. വയലാര്‍ തികഞ്ഞ ഗാന്ധിഭകത്നായിരുന്നതിനാലാണ് വെള്ളവസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നതെന്നും ചേലങ്ങാട് ഗോപാലകൃഷ്ണന് തന്റെ പുസ്തകത്തില്‍ പറയുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: