Categories: India

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ മാവോഭീകരരുടെ ശ്രമം

Published by

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കാന്‍ മാവോവാദികള്‍ പദ്ധതിയിടുന്നതായി സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചു.

ഭരണതലത്തില്‍ വകുപ്പുകളിലും പദ്ധതികളിലും തങ്ങളുടെ അനുഭാവികളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ്‌ അവരുടെ പദ്ധതിയെന്ന്‌ ആഭ്യന്തര മന്ത്രാലയം 11 സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 3-ാ‍ം തീയതി പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്‌, ഒറീസ, ഛത്തിസ്ഗഡ്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, കര്‍ണാടക, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങള്‍ക്കാണ്‌ കേന്ദ്രം കത്തയച്ചത്‌. കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശേഷമാണ്‌ തങ്ങളുടെ പുതിയ തന്ത്രത്തിന്റെ ഭാഗമായി ഹൈവേകളേയും ഷിപ്പിംഗ്‌, റെയില്‍വേ, വ്യോമയാനം, ടെലികോം, ഗ്രാമവികസനം എന്നീ വകുപ്പുകളെ സിപിഐ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി കണ്ടെത്തിയത്‌.

വിദ്യാസമ്പന്നരായ അനുഭാവികള്‍ക്ക്‌ ഈ വകുപ്പുകളില്‍ ഓഫീസ്‌ ജോലിയോ മറ്റേതെങ്കിലും ജോലിയോ ലഭിക്കാന്‍ ശ്രമം നടത്തും. വിദ്യാഭ്യാസമില്ലാത്തവരെ പുതുതായി നിര്‍മിക്കുന്ന പദ്ധതികളിലേക്കു തിരിച്ചുവിടും. പദ്ധതി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന അനുഭാവികള്‍ക്ക്‌ ആവശ്യം വന്നാല്‍ ഒരേസമയം ജോലിയില്‍ തുടരുകയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യാനാവും.

ആയതിനാല്‍ ഇത്തരം വകുപ്പുകളിലോ മന്ത്രാലയങ്ങളിലോ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരുടേയും പശ്ചാത്തലം പരിശോധിക്കണമെന്നും പുതിയ നിയമനങ്ങളില്‍ ഇതു കുറെക്കൂടി കര്‍ശനമായി നടപ്പാക്കണമെന്നുമാണ്‌ കത്തിലെ ഉള്ളടക്കം. ഓരോ സംസ്ഥാനത്തോടും സംശയിക്കപ്പെടുന്നവരുടെ പട്ടിക അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by