ഇസ്ലാമാബാദ്: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമബിന്‍ ലാദന്റെ വിധവയെ പാക് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാനുള്ള താലിബാന് ശ്രമം വിഫലമായി. പാക്കിസ്ഥാനിലെ ഒരു വസതിയില്‍ അമല്‍ അബ്ദുള്‍ ഫറ്റയും മറ്റ് രണ്ടു ഭാര്യമാരേയും ചോദ്യംചെയ്യുന്ന വീട്ടിലേക്ക് കയറിച്ചെന്ന് അവരെ മോചിപ്പിക്കാന്‍ ഭീകരനായ മുല്ല ഒമര്‍ തന്റെ 500 അനുയായികളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പാക്കിസ്ഥാന് രഹസ്യാന്വേഷണ സംഘടനയിലെ ഒരാളില്‍നിന്നാണ് കേന്ദ്രത്തെക്കുറിച്ച് ഭീകരര്‍ക്ക് വിവരം ലഭിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ മൂന്നുപേരെയും ലാദന്റെ അഞ്ച് കുട്ടികളെയും അപകടസൂചന ലഭിച്ചതോടെ മറ്റൊരു സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആഴ്ചകളായി തങ്ങള്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയും ഗോത്രപ്രദേശങ്ങളിലുള്ള തങ്ങളുടെ ആളുകളില്‍നിന്ന് വിവരം ശേഖരിക്കുകയുമായിരുന്നു. സുരക്ഷിതത്വം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇവരെ മൂന്നുപ്രാവശ്യം താവളം മാറ്റേണ്ടിവന്നുവെന്ന് ഐഎസ്ഐ വൃത്തങ്ങള്‍ അറിയിച്ചു. മെയ്മാസത്തില്‍ അബോട്ടാബാദില്‍ അമേരിക്കന്‍ സീല്‍ കമാന്‍ഡോകളുടെ ആക്രമണത്തില്‍നിന്ന് തന്റെ ഭര്‍ത്താവ് ലാദനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 29 കാരിയായ അമലിന് പരിക്കേറ്റിരുന്നു. തങ്ങളുമായി സഹകരിക്കാന്‍ അവര്തയ്യാറാവുന്നില്ലെന്ന് പാക് സുരക്ഷാ സൈനികര്‍ അറിയിച്ചു. യെമന്‍കാരിയായ അമലിന് പത്തുവയസുള്ള ഒരു മകളുണ്ട്. തനിക്ക് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന അമല്‍ തന്റെ കുട്ടികള്‍ക്ക് മുജാഹിദ്ദീന്‍ പരിശീലനം നല്‍കാനും യുദ്ധം നയിക്കാനും ആഗ്രഹിക്കുന്നതായി മറ്റൊരു വക്താവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: