കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.എം.കൊറാത്തിന്റെ സ്മരണയ്ക്കായി തപസ്യ കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ വി.എം.കൊറാത്ത് പുരസ്കാരത്തിന് ടി.വി.ആര്.ഷേണായി അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രമുഖ മാധ്യമ പ്രവര്ത്തകന് എം.വി.കാമത്ത്, പ്രശസ്ത ചലച്ചിത്ര സംവിധായകന് ഹരിഹരന് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കൊറാത്ത് പുരസ്കാരം ലഭിച്ചിട്ടുള്ളത്. ദീര്‍ഘകാലം മലയാള മനോരമ ദല്‍ഹി ലേഖകനായിരുന്ന ഷേണായ് പിന്നീട് ദ വീക്ക്, സണ്‍ഡേ മെയില്‍ എന്നീ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. മാതൃഭൂമിയുള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവിധ പത്രങ്ങളിലും, വാരികകളിലും ഇപ്പോള്‍ പതിവായി എഴുതുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ സ്ഥാപകാദ്ധ്യക്ഷനായിരുന്നു വി.എം.കൊറാത്ത്. സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്ത്തകന്, സാംസ്കാരിക നായകന്, ചിന്തകന്‍ ഇതെല്ലാമായിരുന്നു കൊറാത്ത് വേലായുധന് കുട്ടി മേനോന്. അദ്ദേഹം തുടക്കം മുതല്‍ സേവനമനുഷ്ഠിച്ചിരുന്നത് മാതൃഭൂമിയിലാണ്. ഡെപ്യൂട്ടി എഡിറ്ററായി മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം ജന്മഭൂമി ചീഫ് എഡിറ്ററായി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പത്രമാരണ നിയമത്തിനെതിരെയുള്ള മാര്‍ച്ച് നയിച്ചത് കൊറാത്ത് ആണ്. വളരെക്കാലം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രമുഖ ചിന്തകന്‍ പി.പരമേശ്വരന്, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 14ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന സമ്മേളനത്തില്‍ ഷേണായിക്ക് പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: