കൊട്ടാരക്കര: വാളകത്തെ സ്കൂളിലെ അധ്യാപകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പെരുവഴിയില്‍ തള്ളിയ സംഭവത്തിനെതിരെ ജനരോഷം. അധ്യാപകരും, വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. സംഭവത്തില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. വാളകം പോലീസ് ലാത്തി വീശി. എന്‍ടിയുവും ബിജെപിയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
തങ്ങള്ക്കനിഷ്ടമുള്ള അധ്യാപകരോട് മാനേജ്മെന്റ് കാട്ടുന്ന ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് വാളകത്തേതെന്ന് എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ജില്ലയില്‍ അധ്യാപകര്‍ക്കെതിരായ പീഡനം ആവര്‍ത്തിക്കുകയാണ്. പതാരത്തും പാങ്ങോട്ടും നടന്നതിന്റെ തുടര്‍ച്ചയാണ് വാളകത്തെ സംഭവവും. വാളകത്തെ മാനേജ്മെന്റിന്റെ രാഷ്ട്രീയ തിണ്ണമിടുക്കിനെതിരെ പൊതുസമൂഹവും സര്‍ക്കാരും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാളകം ആര്‍വിഎച്ച്എസ്എസിലെ അധ്യാപകനായ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംഭവദിവസം നടന്നു എന്ന് പറയപ്പെടുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതിനതീതമായി കാണണം എന്നും പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തി യഥാര്‍ത്ഥപ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. സംഭവം ദേശീയഅന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂള്‍ മാനേജ്മെന്റിന് എതിരെയും ആരോപണം ഉയര്‍ന്നതിനാല്‍ സത്യസന്ധമായ അന്വേഷണത്തിന് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കണം. സംഭവത്തിന് പിന്നില്‍ തീവ്രവാദസംഘടനകള്‍ ഉണ്ടെന്ന സംശയവും ബലപ്പെട്ടതുകൊണ്ടാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും വയയ്ക്കല്‍ മധു പറഞ്ഞു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന് അധ്യക്ഷത വഹിച്ചു. ആര്. ചന്ദ്രശേഖരന്‍പിള്ള, ചാലൂക്കോണം അജിത്, അണ്ടൂര്‍ രാധാകൃഷ്ണന്, കോട്ടാത്തല സന്തോഷ്, സുശീലന്‍പിള്ള, ജയന്കുളക്കട, ദിലീപ്, നാഗപ്പന് എന്നിവര്‍ സംസാരിച്ചു. അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വാളകം രാമവിലാസം സ്കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് എംസി റോഡില്‍ മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐ സംസ്ഥാനകമ്മറ്റിയംഗം വി.പി. പ്രശാന്ത്, ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി രാജേഷ്, അരുണ്‍രാജ്, എ.ആര്. അസിം, അരുണ്‍ബാബു എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. നിരവധി തവണ ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. പോലീസ് എംസി റോഡില്‍ പ്രവര്‍ത്തകരെ തടയുന്നതിനിടയില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ വയലിലൂടെ സ്കൂളില്‍ കടന്ന് സ്റ്റാഫ്റൂം തല്ലിത്തകര്‍ത്തു. ക്ലാസ്മുറികളുടെ ചില്ലും അടിച്ചു തകര്‍ത്തു. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘം ആണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
പത്തനാപുരത്ത് സംഭവത്തില്‍ മന്ത്രി ഗണേഷ്കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉച്ചമുതല്‍ ഹര്‍ത്താലും ആചരിച്ചു. സ്കൂളില്‍ ഇന്നും അന്വേഷണം നടന്നില്ല. ജീവനക്കാര്‍ യോഗം കൂടി രണ്ട് ദിവസത്തേക്ക് സ്കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു.
അധ്യാപകനെ ആക്രമിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയതായി ഡിജിപി ജേക്കബ്പുന്നൂസ് അറിയിച്ചു. കൊല്ലം റൂറല്‍ എസ്പി പ്രകാശിന്റെ നേതൃത്വത്തില്‍ 8 അംഗ അന്വേഷണസംഘമാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്. ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി അജിത്, അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി ഷാനവാസ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കേസന്വേഷിച്ചിരുന്നത് കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയായിരുന്നു. ആന്റോയില്‍ നിന്ന് പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: