തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരങ്ങളായ ബാലയും മീരാനന്ദനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന് അധ്യക്ഷത വഹിച്ചു. ബോര്‍ഡംഗം കെ. കുട്ടപ്പന്, സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍, സമിതി പ്രസിഡന്റ് കെ.പി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജി. വിദ്യാസാഗര്‍, മാനേജര്‍ കെ. ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് പുതിയ മണ്ഡപത്തില്‍ ചോറ്റാനിക്കര പുന്നച്ചാലില്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതിതിരുനാള്‍ രംഗപൂജ അവതരിപ്പിച്ചു. തുടര്‍ന്ന് അഡ്വ. ശോഭ മുരളിയുടെ ഭക്തിഗാനമഞ്ജരി, പഞ്ചമദ്ദളകേളി, മേജര്‍ സെറ്റ് കഥകളി എന്നിവയും നടന്നു.
ഇന്ന് രാവിലെ 6.30ന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് വീണക്കച്ചേരി, 5ന് നൃത്തനൃത്യങ്ങള്‍, ഭക്തിപ്രഭാഷണം, കഥകളി എന്നിവയുണ്ടാകും. ഒക്ടോബര്‍ 4ന് വൈകിട്ട് ദുര്‍ഗ്ഗാഷ്ടമി പൂജവയ്പും 6ന് രാവിലെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ഈ സമയം നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തും. അന്നേ ദിവസം രാവിലെ 8ന് സംഗീതസദസ്സ്, 9ന് ചെണ്ടമേളം, 10ന് വെച്ചൂര്‍ രമാദേവിയുടെ ഓട്ടന്തുള്ളല്, 2ന് ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെ അക്ഷരശ്ലോകസദസ്സ്, 4.30ന് കലാസൗധത്തിന്റെ നൃത്തനൃത്യങ്ങള്‍, 5.30ന് എന്‍എസ്എസ് വനിതാ സമാജം കോക്കാപ്പിള്ളിയുടെ തിരുവാതിരകളി, 6ന് സമ്പ്രദായഭജന, 7ന് പിന്നണിഗായകന്‍ പ്രദീപ് പള്ളുരുത്തിയുടെ ഭക്തിഗാനാഞ്ജലിയോടെ നവരാത്രി ആഘോഷത്തിന് സമാപനമാകും.
പള്ളുരുത്തി: ശ്രീവെങ്കിടാചലപതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സംഗീതോത്സവവും ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 6ന് സമാപിക്കും. ഇന്ന് വൈകിട്ട് 7ന് ടി.എസ്. രാജാറാം തൃപ്പൂണിത്തുറയുടെ സമ്പ്രദായ ഭജന്‍ 29ന് ഭക്തിഗാനാമൃതം, 30ന് സംഗീതക്കച്ചേരി, ഒക്ടോബര്‍ ഒന്നിന് സുരേന്ദ്രന് പനങ്ങാടിന്റെ ബുള്‍ബുള്‍ സംഗീതം, 2ന് മറാഠി ഭജന്‍, 3ന് സംഗീതവിദ്യാലയത്തിന്റെ സംഗീതാര്‍ച്ചന, 4ന് സംഗീതസന്ധ്യ, രാത്രി 8.30ന് പൂജവെപ്പും നടക്കും. 5ന് രാത്രി 7.30ന് കോല്‍ക്കളി, 6ന് രാവിലെ 8ന് വിദ്യാരംഭവും പൂജയെടുപ്പും നടക്കും.
ആലുവ: ആലുവ സംഗീതസഭയുടെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 6 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 2ന് മേവിട കുമാരന്മാസ്റ്റര് അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ 9മണിക്ക് അഖില കേരള മൃദംഗ മത്സരം, വൈകിട്ട് 5 മണിക്ക് അനുസ്മരണ സമ്മേളനവും തുടര്‍ന്ന് ടോമി തോമസിന്റെ സംഗീതക്കച്ചേരി, 3ന് ചങ്ങനാശ്ശേരി മാധവന് നമ്പൂതിരിയുടെ സംഗീതസദസ്സ്, അസീസ് പെരുമ്പാവൂര്‍, പി.എല്‍. സുധീര്‍ എന്നിവര്‍ പക്കമേളമൊരുക്കും. 4ന് പൂജവയ്പിനുശേഷം ഡോ. പത്മിനി കൃഷ്ണന്റെ കുച്ചിപ്പുടി, 5ന് രാവിലെ 9.30 മുതല്‍ ടാസിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന, വൈകിട്ട് വയലിന് സോളോയും അവതരിപ്പിക്കും. 6ന് രാവിലെ 9ന് പൂജയെടുപ്പിനുശേഷം പുതിയ ക്ലാസുകളിലേക്ക് വിദ്യാരംഭം കുറിക്കും.
കൊച്ചി: എറണാകുളം കരയോഗം നവരാത്രിയോടനുബന്ധിച്ച് പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന് നിര്‍വ്വഹിച്ചു. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കൈകൊട്ടിക്കളി മുതലായ കലാപരിപാടികള്‍ പത്തുദിവസങ്ങളിലായി എല്ലാ ദിവസവും വൈകിട്ട് 6.30ന് ആരംഭിക്കും. നവരാത്രിയോടനുബന്ധിച്ച് 1500-ല്‍ പരം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എഴുപതോളം ഇനങ്ങളിലായി തരംതിരിച്ച് വിവിധ പുരാണസാഹിത്യ സാംസ്കാരിക കലാമത്സരങ്ങള്‍ കഴിഞ്ഞ ഒന്നരമാസമായി നടത്തിയതില്‍ വിജയിച്ച നാനൂറോളം കുട്ടികള്‍ക്ക് നവരാത്രി സമാപനദിവസമായ ഒക്ടോബര്‍ 6ന് വൈകിട്ട് 5ന് ടിഡിഎം ഹാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ കരയോഗം ഉപാധ്യക്ഷന്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്, കെ. രാമചന്ദ്രന്‍നായര്‍, ടി. നന്ദകുമാര്‍, എസ്. മാധവന്‍നായര്‍, പി.ആര്. പ്രഭാകരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: