പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ് കായലില്‍നിന്നും മണല്‍ക്കടത്ത് വ്യാപകമാകുന്നു. നാളുകളായി നടക്കുന്ന മണല്‍ കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ഉള്‍നാടന്‍ കായലായ കുമ്പളങ്ങി കായലില്‍ മണല്‍മാഫിയക്ക് കൂട്ടായി പോലീസ് ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടെന്ന് ആരോപണമുയര്‍ന്നിട്ടും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
വലിയ വള്ളങ്ങളില്‍ മൂന്നുപേര്‍ക്ക് ഒരേസമയം നിന്ന് കായലില്‍ ഇറങ്ങാതെതന്നെ മണല്‍ കോരിയെടുക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചു പോരുന്നത്. വന്‍തോതില്‍ വാരിയെടുക്കുന്ന മണലിന് മുന്തിയ വിലയാണ് ഇവര്‍ ഈടാക്കിവരുന്നത്. പെരുമ്പടപ്പിലെ ഫിഷ്ലാന്റിംഗ് സെന്ററിലും കോണം, പഷ്ണിത്തോട് ഭാഗങ്ങളിലും ഇറക്കിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇരുപതിലധികം വള്ളങ്ങളില്‍ കായലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് നടക്കുന്ന മണല്‍വാരല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന് സമീപത്തും 110 കെവി വൈദ്യുത ടവറിനും സമീപത്തുനിന്നും വന്‍തോതില്‍ മണല്‍വാരുന്നതുമൂലം പാലത്തിനും ടവറിനും ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വന്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്ന് പരാതികള്‍ ഉയര്‍ന്നിട്ടും മണല്‍വാരല്‍ തടയുന്നതിന് മാത്രം നടപടിയുണ്ടാകുന്നില്ലെന്ന് പൊതുജനം പറയുന്നു. മണല്‍ മാഫിയകളില്‍നിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരും പോലീസ് സേനയിലുണ്ടെന്നാണ് പരക്കെ ആക്ഷേപമുയരുന്നത്. മണല്‍ക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ സിപിഎം പരസ്യമായി രംഗത്തിറങ്ങിയതിന് പാര്‍ട്ടിയിലെ മറുഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: