തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ജുഡീഷ്യറിക്ക് വേണ്ട സംരക്ഷണം നല്കാന് അല്പം പോലും ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പാമോയില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ ജുഡീഷ്യറിക്ക് അന്തസായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ചീഫ് വിപ്പിനെ ഉപയോഗിച്ചു മുഖ്യമന്ത്രി കോടതിയെ അവഹേളിക്കുകയാണ്. കേരളത്തിലെ നീതിപീഠങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്ന അഴിമതികള്‍ക്ക് എതിരെ ചെറിയ നടപടികള്‍ക്ക് മുതിര്‍ന്നാല്‍ അവരെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെ പറച്ചില് വലിയ ന്യായസ്ഥന്റെതാണെങ്കിലും പ്രവൃത്തി നാണം കെട്ടതാണ്, വി.എസ് പറഞ്ഞു. ചീഫ് വിപ്പിന്റെ ആക്ഷേപങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ്.
പി.സി.ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ജോര്‍ജിന്റെ കള്ളത്തരങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയുന്നില്ല. കാരണം പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ പണി ഏറ്റെടുത്തിരിക്കുകയാണ്. ആയുധങ്ങള്‍ക്കു പകരം വാചകങ്ങള്‍ കൊണ്ടാണ് ജോര്‍ജ് ആ പണി നടത്തുന്നത്. വേണ്ടി വന്നാല്‍ പാമോയില്‍ കേസില്‍ സുപ്രീംകോടതിയെ സമീപിക്കും. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രണ്ടാനുകൂല്യം പറ്റുന്നില്ല.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞത് ആരാണെന്നറിയില്ല. ഒരു പക്ഷേ ഏതെങ്കിലും ക്വട്ടേഷന്കാരായിരിക്കും. മകന്റെ പേരില്‍ നടക്കുന്ന അന്വേഷണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും വി.എസ്.അച്യുതാനന്ദന് കൂട്ടിച്ചേര്‍ത്തു.
പാമോയില്‍ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ജിജി തോംസണെതിരായ പ്രോസിക്യൂഷന് നടപടികള്‍ തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. ഇതിനുള്ള പ്രത്യുപകാരമായാണ് ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തത്. കഴിഞ്ഞ 19 കൊല്ലമായി കേസില്‍ ഒരാക്ഷേപവുമില്ലാതിരുന്ന ജിജി തോംസണിന്റെ ആവശ്യം ഉമ്മന്‍ചാണ്ടി അംഗീകരിച്ചിരിക്കുകയാണ്. ഇത് ഇവരുടെ പരസ്പര ധാരണ മൂലമാണ്. ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ച് അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വ്യാജരേഖകള്‍ ചമയ്ക്കുന്ന ക്രിമിനല്‍ ആയി നെറ്റോ മാറിയിരിക്കുകയാണ്. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കുന്നു. ചാക്ക് രാധാകൃഷ്ണനെതിരായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീനിജനെതിരായ അന്വേഷണം അട്ടിമറിച്ചെന്നും വി.എസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: