തിരുവനന്തപുരം: നീതിന്യായ സംവിധാനത്തിന് അന്തസ്സായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നതിന്റെ ഉദാഹരണമാണ് പാമോയില്‍ കേസില്‍ ജഡ്ജിയുടെ പിന്മാറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗമായ ചീഫ് വിപ്പ് ജഡ്ജിയെ അധിക്ഷേപിച്ചിട്ടും അതിനെ വിമര്‍ശിച്ച് നീതിന്യായ വ്യവസ്ഥയ്ക്ക് സംരക്ഷണം നല്കാന് മുഖ്യമന്ത്രി തയാറായില്ല. പറയുമ്പോള്‍ ന്യായസ്ഥന്റെ രീതിയും പ്രവര്‍ത്തി നാണം കെട്ട രീതിയിലുമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ചീഫ് വിപ്പ് മുഖ്യമന്ത്രിയുടെ ക്വട്ടേഷന്‍ പണിയാണ് ചെയ്യുന്നതെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ അപ്പീല്‍ പോകില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ഉമ്മന്‍ചാണ്ടി മറ്റുള്ളവെര ഉപയോഗിച്ച് കേസ് അട്ടിമറിക്കുയാണ്. കേസിലെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട കോടതിയെ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ച് അവഹേളിക്കുകയാണ് ചെയ്തത്. ചീഫ് വിപ്പ് ആയതിനാലാണ് സര്‍ക്കാരിന്റെ ലെറ്റര്‍പാഡ് ജോജിന്‍ ലഭിച്ചതും അദ്ദേഹം കത്തയച്ചതെന്നും വി.എസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് എതിരാളികളെ ആക്രമിക്കുന്നതു പോലെ വാക്കുകള്‍ ഉപയോഗിച്ച് പി.സി. ജോര്‍ജ്ജ് ജഡ്ജിമാരെ ആക്രമിക്കുകയാണ്.
സംസ്ഥാനത്തെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഭരണക്കാര്‍ ഭീഷണിയും കുപ്രചരണവും അഴിച്ചുവിടുകയാണ്. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് തിരുത്തിയെഴുതി. വ്യാജരേഖ ചമയ്ക്കുന്ന ക്രിമിനലുകളെ പോലെ ഡെസ്മണ്ട് നെറ്റോയെ യു.ഡി.എഫും ഉമ്മന്‍ചാണ്ടിയും അധ:പതിപ്പിച്ചു. പാമോയില്‍ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറിയുമാ ജിജി തോംസണിനെ കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിച്ചത് ഉമ്മന്‍ചാണ്ടിയെന്നും വി.എസ് ആരോപിച്ചു.
തന്റെ സ്ഥാനക്കയറ്റങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 19 വര്‍ഷമായി ഐ.എ.എസ് ഉദ്യോഗസ്ഥനായ ജിജി തോംസണിന് അന്നൊന്നും പാമോയില്‍ കേസിനെ കുറിച്ച് പരാതിയുണ്ടായിരുന്നില്ല. ആ വിജിലന്‍സ് ജഡ്ജി വന്നപ്പോഴാണ് പരാതി ഉയര്‍ന്നതെന്നും വി.എസ് പറഞ്ഞു. ഭരണക്കാരെ എതിര്‍ക്കുന്നവരെ ഏതു വിധത്തിലും വേട്ടയാടാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇതുമൂലം പാമോലിന്‍ കേസ് അട്ടിമറിക്കപ്പെടില്ല.
കേസ് കേള്‍ക്കാന്‍ കഴിയുന്ന രണ്ടു മൂന്ന് ജഡ്ജിമാര്‍ ഇനിയും കേരളത്തിലുണ്ടെന്നും വി.എസ് പറഞ്ഞു. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും വിഎസ് ആരോപിച്ചു. അരുണ്‍കുമാറിനെതിരെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന് മൊഴി നല്‍കിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതിയന്ന് ഒരു ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.
തനിക്കെതിരെ അസഭ്യം പറഞ്ഞുകൊണ്ടു വന്ന ടെലിഫോണ്‍ സംഭാഷണം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: