ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനകാര്യമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കുറിപ്പ് പുറത്തായ സാഹചര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധി രംഗത്തെത്തി. ചിദംബരത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടാകണമെന്നതാണ് സോണിയയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രിയും, പാര്ട്ടിവക്താക്കളുമുള്പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനാത്മകമായ ഒരു വിഷയമാണിതെന്ന് സോണിയാജിയ്ക്കറിയാം. ഇന്നലെ ഇതേ കേസില്‍ രാജയും ദയാനിധിമാരനും രാജിവെച്ചൊഴിഞ്ഞു. നാളെ പ്രധാനമന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യമാവും ഉയരുക. ഇത്തരമൊരവസ്ഥയ്ക്ക് പരിഹാരം കാണാനാണ് അവരുടെ ശ്രമം, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. എന്നാല്‍ പ്രധാനമന്ത്രി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകുവെന്നാണ് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി അഭിപ്രായപ്പെട്ടത്. ഔദ്യോഗികമായി താഴേക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിക്കുള്ള കുറിപ്പ് തയ്യാറാക്കിയതെന്നും ഇക്കാരണത്താല്‍ ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ തികച്ചും അനാവശ്യമാണെന്നും മറ്റൊരു കേന്ദ്രമന്ത്രിയായ സല്മാന് ഖുര്‍ഷിദ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് ചിദംബരത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തെ സ്പെക്ട്രം കേസില്‍ അന്വേഷണവിധേയനാക്കേണ്ട കാര്യമില്ലെന്നും ഖുര്‍ഷിദ് അവകാശപ്പെട്ടു. ഇതേസമയം കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ചിദംബരവും തമ്മില്‍ ശീതസമരം നിലനില്ക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഇതിനിടെ അഴിമതിക്കാരനായ ചിദംബരം ഉടന്‍ രാജിവെക്കണമെന്ന നിലപാട് മുഖ്യപ്രതിപക്ഷമായ ബിജെപി ആവര്‍ത്തിച്ചു. സ്പെക്ട്രം അഴിമതിയില്‍ ചിദംബരവും പങ്കുകാരനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്തുകാരണത്താലാണ് ചിദംബരത്തിന്റെ പേരുള്‍പ്പെട്ട തയ്യാറാക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. രാജ്യത്തെ നടുക്കിയ വന്‍ അഴിമതിയില്‍ ചിദംബരവും പങ്കുകാരനാണെന്ന് ബോധ്യം വന്നിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാതെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നിലപാടെടുത്തത് ദുരൂഹമാണ് ,ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
അഴിമതിക്കേസിന്റെ അന്വേഷണങ്ങള്‍ തന്റെ നേര്‍ക്ക് വഴിതിരിഞ്ഞ് വരുമെന്നുള്ള ഭയം കൊണ്ടാണോ പ്രധാനമന്ത്രി ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചിദംബരം 2ജി കേസില്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായി അന്വേഷണം വേണ്ടെന്നുമാണ് സിബിഐ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചത്, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സിബിഐ നിലപാട് നിരവധി സമസ്യകള്‍ ബാക്കി വെയ്ക്കുന്നുണ്ടെന്ന്് പ്രസാദ് ചൂണ്ടിക്കാട്ടി. ഇതേ കേസില്‍ ജയിലിലായ മുന്‍ ടെലികോം മന്ത്രി രാജ കുറ്റക്കാരനല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നതെന്നും ഇതേ അവകാശവാദം ചിദംബരത്തിന്റെ കാര്യത്തിലും തുടരാനുള്ള തീരുമാനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനെതിരായി പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളിലേക്ക് ഒന്ന് എത്തി നോക്കുക പോലും ചെയ്യാതെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നതെന്നും, 2ജി കേസിലുള്ള സിബിഐ അന്വേഷണം പോലും പ്രഹസനമായിരുന്നുവോ എന്ന് സംശയിക്കുന്നതായും ബിജെപി വക്താവ് പറഞ്ഞു. അഴിമതിയെ നിസ്സാരവത്കരിക്കാനുള്ള നിയമമന്ത്രിമാരുടെ ശ്രമങ്ങള്‍ വിജയം കാണുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2ജി സ്പെക്ട്രം ഇടപാടില്‍ തന്നെ പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ചിദംബരം രാജി സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചിദംബരം ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ചുളു വിലയ്ക്ക് സ്പെക്ട്രം വില്‍പ്പന നടക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച 14 പേജുള്ള കത്ത് പുറത്തായതാണ് സ്പെക്ട്രം കേസ് പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. സാമ്പത്തികകാര്യ സെക്രട്ടറി പി.വി റാവു തയ്യാറാക്കി പ്രണബ് സാക്ഷ്യപ്പെടുത്തിയ കത്ത് വിവരാവകാശ പ്രവര്‍ത്തകനായ സുനില്‍ ഗാര്‍ഗ് കൈവശപ്പെടുത്തുകയും ഇതിന്റെ കോപ്പി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ബുധനാഴ്ച സുപ്രീം കോടതിയില്‍ ഹാജരാക്കുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: