ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് തീവ്രവാദി ബന്ധമുണ്ടെന്ന അമേരിക്കയുടെ നിലപാട് പാക്കിസ്ഥാന് തലവേദനയാവുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാക്-അമേരിക്കന്‍ ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് മുന്നറിയിപ്പ് നല്കി. ഐഎസ്ഐ തീവ്രവാദി സംഘടനയായ ഹക്വാനിയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതായി അമേരിക്കന്‍ സൈനിക തലവന്‍ അഡ്മിറല്‍ മൈക്ക് മുല്ലന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കാബൂളില്‍ സപ്തംബര്‍ 13ന് അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണവും ഇത്തരത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ഐഎസ്ഐക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നത്. അമേരിക്കക്ക് പാക്കിസ്ഥാനോടുള്ള മാറിയ നിലപാടിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. അഫ്ഗാന് ഭീകരര്‍ പാക്കിസ്ഥാനെ ആക്രമിച്ചപ്പോള്‍ അഫ്ഗാന് ഭാഗത്ത് സുരക്ഷയുടെ ചുമതല അമേരിക്കക്കായിരുന്നിട്ടുകൂടി പാക്കിസ്ഥാന് അവരെ പഴിച്ചില്ലായെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഈ ബന്ധം നിലനിര്‍ത്തേണ്ടത് പാക്കിസ്ഥാന്റേയും അമേരിക്കയുടെയും ആവശ്യമാണ്. ഇത് രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള ബന്ധമല്ല. പക്ഷേ സ്വതന്ത്രരായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയാണ്, അവര്‍ തുടര്‍ന്നു. പാക്കിസ്ഥാന് തീവ്രവാദത്തിനെതിരെ പൊരുതുന്നത് അതിന്റെ സ്വന്തം താല്പര്യപ്രകാരമാണ്. അമേരിക്ക ഒരുപക്ഷേ ഒരു വന്‍ശക്തിയാകാം. എന്നാലും ഇക്കാര്യത്തില്‍ അവരുടെ സഹായം പാക്കിസ്ഥാന് ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനിലെ സഹോദരീ സഹോദരന്മാര് മനസ്സിലാക്കേണ്ടത് നമ്മുടെ രാജ്യം സാമ്പത്തികമായോ സൈനികമായോ അമേരിക്കയെ ആശ്രയിക്കുന്നില്ലെന്നതാണ്. അവര്‍ സഹായിക്കാറുണ്ടെങ്കിലും ആ സഹായം കുറെക്കൂടി മെച്ചപ്പെട്ട തരത്തില്‍ ലഭിക്കാനാണ് നമ്മളാഗ്രഹിക്കുന്നത്, അവര്‍ തുടര്‍ന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഗൗരവതരമായ പ്രശ്നങ്ങളുണ്ടായതായി അവര്‍ സമ്മതിച്ചു. തന്റെ അമേരിക്കന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ സഹായങ്ങളല്ല, വിപണിയുടെ വിവരങ്ങളാണ് തിരക്കിയതെന്നും ഖര് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: