കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പ്രകാരമാണ് ഇന്നത്തേക്ക് മാറ്റിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
വി.എസ് അച്യുതാനന്ദന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രജീന്ദ്ര സച്ചാറാണ് കേസ് വാദിക്കുന്നത്. ഹര്‍ജിയില്‍ പല പ്രമുഖര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ നിസാരമായി കാണാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന് ബഞ്ച് പറഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 84 സാക്ഷികളെ വിസ്തരിച്ചതായും 56ഓളം രേഖകള്‍ പരിശോധിച്ചതായും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി കോടതിയെ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്നും കേസ് അന്വേഷണം കാര്യമായി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടുന്ന കാര്യത്തില്‍ കൂടുതല്‍ വാദം ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: